Top

മുട്ടില്‍ മരംമുറി വിവാദം: എന്‍ടി സാജനെ സ്ഥലം മാറ്റി

സാജനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ നിലനില്‍ക്കെയാണ് കൊല്ലത്തേക്കുള്ള സ്ഥലംമാറ്റം

9 Aug 2021 1:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുട്ടില്‍ മരംമുറി വിവാദം: എന്‍ടി സാജനെ സ്ഥലം മാറ്റി
X

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെ സ്ഥലം മാറ്റി. സാജനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ നിലനില്‍ക്കെയാണ് കൊല്ലത്തേക്കുള്ള സ്ഥലംമാറ്റം.

സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു പിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റർ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച ശുപാര്‍ശ. എന്നാല്‍ ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോർട്ടില്‍ വ്യക്തതയില്ലെന്ന് കാണിച്ച് കഴിഞ്ഞമാസം 28 ന്
മുഖ്യമന്ത്രി
വനം വകുപ്പിന് റിപ്പോര്‍ട്ട് മടക്കി നല്‍കിയിരുന്നു. മുട്ടില്‍ മരംമുറിയില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ നടപടിയെടുത്ത മേപ്പാടി റേഞ്ച് ഓഫീസറെ കുടുക്കാന്‍ വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി എന്നായിരുന്നു സാജനെതിരെയുള്ള ആരോപണം.
എന്നാല്‍ ഇതുകൊണ്ട് മാത്രം ഐഎഫ്എസ് കേഡറിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാനാവില്ലെന്നും കൂടുതല്‍ വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തിരിച്ചയച്ചത്.
മരം മുറിയുമായി ബന്ധപ്പെട്ട് സാജന്റെ പങ്ക് തെളിയുന്ന പക്ഷം മാത്രമേ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാവൂ എന്നും റിപ്പോര്‍ട്ട് മടക്കുമ്പോള്‍ വ്യക്തമാക്കിയിരുന്നു. മരംമുറി വിവാദത്തിനുമേല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നതിനാല്‍ രണ്ട് അന്വേഷണവും പരസ്പര വിരുദ്ധമാകാതിരിക്കാനായിരുന്നു നടപടി.

അതേസമയം, റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സാജന്‍ കുറ്റക്കാരനാണെങ്കില്‍ നടപടിയുണ്ടാകും എന്നുമായിരുന്നു വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചത്. റിപ്പോർട്ടില്‍ വ്യക്തത വരുത്തി ഉടന്‍ മുഖ്യമന്ത്രിക്ക് തിരിച്ച് നല്‍കുമെന്നും മന്ത്രി വ്യക്തമായിരുന്നു. ഈ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തുമെന്ന സൂചനയ്ക്ക് പിന്നാലെയാണ് സ്ഥലമാറ്റം.



Next Story