മുട്ടില്‍ മരംമുറിക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചില്ല, അഗസ്റ്റിന് ബ്രദേഴ്സിന് ജാമ്യം
30 Sep 2021 10:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. കേസിലെ മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, ഡ്രൈവര്‍ വിനീഷ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസന്വേഷിക്കുന്ന സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതോടെ് അന്വേഷണത്തിന്റെ വേഗത കുറഞ്ഞെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നതെന്നത്.
ഇതിനിടെ മുട്ടില്‍ മരം മുറിയില്‍ സസ്പെന്റ് ചെയ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരെയും സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റില്‍ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്പെന്റ് ചെയ്തത്. സസ്പ്പെന്ഷന് പിന്‍വലിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ്കണ്‍സര്‍വേറ്റര്‍ വിനോദ് കുമാര്‍ ഡി കെയാണ് സസ്പ്പെന് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നത്.
നിലവില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവരുടെ സസ്പ്പെന്ഷന് പിന്‍വലിച്ച് സര്‍വ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.