Top

'കുഞ്ഞാലിക്കുട്ടിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല'; വാര്‍ത്തകള്‍ നിഷേധിച്ച് നേതാക്കള്‍

പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്

8 Aug 2021 5:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞാലിക്കുട്ടിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് നേതാക്കള്‍
X

മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നേതാക്കള്‍. അത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിനെതിരെ ആരും ചേരി തിരിഞ്ഞിട്ടില്ലെന്നും ഐക്യകണ്‌ഠേനയാണ് യോഗത്തിലെ തീരുമാനങ്ങളെന്നും കെപിഎ മജീദും പിഎംഎ സലാമും പറഞ്ഞു.

യോഗത്തില്‍ കെപിഎ മജീദ് ഉള്‍പ്പെടെയുള്ളവര്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചെന്നും പിഎംഎ സലാം മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചതെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. മാത്രമല്ല, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ എല്ലാ സ്ഥാനങ്ങളും ഒഴിയാന്‍ താന്‍ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി യോഗത്തില്‍ തുറന്നടിച്ചിരുന്നു.

മുഈന്‍ അലിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി പാര്‍ട്ടിക്ക് വേണ്ടി താന്‍ നടത്തിയ സേവനങ്ങള്‍ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി എണ്ണിപ്പറഞ്ഞു. മുഈന്‍ അലിക്കെതിരെ അസഭ്യം പറഞ്ഞ റാഫി പുതിയ കടവിനെതിരെ നടപടി പാടില്ലെന്ന് കുഞ്ഞാലിക്കുട്ടി ശക്തമായി യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ തുല്യ നീതിയാണ് വേണ്ടത്. മുഈന്‍ അലിക്കെതിരെ നടപടിയില്ലെങ്കില്‍ റാഫി പുതിയ കടവിനെതിരെയും നടപടി എടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്നലെ റാഫി പുതിയ കടവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്.

എന്നാല്‍ റാഫി പുതിയ കടവിനെയും ഒരു പോലെ കാണാനാവില്ലെന്ന് ഒരു വിഭാഗം പറഞ്ഞു. വിഷയത്തില്‍ എന്തു നടപടി എന്നത് ഹൈദരലി ഷിഹാബ് തങ്ങള്‍ക്ക് വിട്ടിരിക്കുകാണ് നേതൃത്വം. ഹൈദരലി തങ്ങള്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് മുഈന്‍ അലിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി എടുക്കുന്നത് അനുചിതാവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ ഹൈദരലി തങ്ങള്‍ നാളെ തീരുമാനമെടുക്കുമെന്നാണ് സൂചന.

Next Story