Top

'ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയോ'..; ജസ്‌ലയെ അധിക്ഷേപിച്ച് ഷാഫി ചാലിയം

ഒടുവില്‍ മുസ്ലീംലീഗ് മഹത്തായ പാര്‍ട്ടിയാണെന്ന് പറഞ്ഞുകൊണ്ട് ഷാഫി ചര്‍ച്ച അവസാനിപ്പിച്ചത്.

18 Aug 2021 4:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയോ..; ജസ്‌ലയെ അധിക്ഷേപിച്ച് ഷാഫി ചാലിയം
X

ചാനല്‍ ചര്‍ച്ചയില്‍ ജസ്‌ല മാടശേരിക്ക് നേരെ വ്യക്തിഹത്യ പരാമര്‍ശങ്ങളുമായി മുസ്ലീംലീഗ് നേതാവ് ഷാഫി ചാലിയം. കേരളത്തിലെ സ്ത്രീകളുടെ സംസ്‌കാരം ഇല്ലാത്ത വ്യക്തിയാണ് ജസ്‌ലയെന്നും ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന പ്രകൃതമല്ല അവര്‍ക്കെന്നും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് കൊണ്ട് ഷാഫി ചാലിയം പറഞ്ഞു. ജസ്‌ലയുടെ സാമൂഹിക ഇടപെടല്‍ താന്‍ വീക്ഷിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ നഗ്നയായി നിര്‍ത്തി പുറത്ത് മസാജ് ചെയ്യുന്ന വീഡിയോ എടുത്തിടുന്ന ജസ്‌ല ഒരു വൃത്തിക്കെട്ട സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഷാഫി പറഞ്ഞു.

ഷാഫി ചാലിയം പറഞ്ഞത്: ''ഉത്തമ മലയാളി സ്ത്രീകളുടെ റോള്‍ മോഡല്‍ അല്ല ഇവരെന്നാണ് എന്റെ അഭിപ്രായം. ഇതിന് കാരണങ്ങളുണ്ട്. അവരുടെ സാമൂഹിക ഇടപെടല്‍ ഞാന്‍ വീക്ഷിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ നഗ്നയായി നിര്‍ത്തി പുറത്ത് മസാജ് ചെയ്യുന്ന വീഡിയോ എടുത്തിടുന്ന ഇവര്‍ ഒരു വൃത്തിക്കെട്ട സംസ്‌കാരത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ ജസ്ലയ്ക്ക് ഒരു യോഗ്യതയമില്ല. കേരളത്തില്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന പ്രകൃതമല്ല ഇവര്‍ക്ക്. ഒരു പെണ്ണിന്റെ പുറത്ത് ചിത്രം വരയ്ക്കുന്നതാണോ കല. കേരളത്തിലെ സ്ത്രീകളുടെ സംസ്‌കാരം അതാണോ. ഞങ്ങളൊക്കെ രാഷ്ട്രീയക്കാരാണ്. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഇവരൊക്കെയാണോ ഞങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ കൊണ്ടിരുന്നന്നത്. മുസ്ലീംലീഗിനെ പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയാണോ നിങ്ങള്‍ കൊണ്ടുവന്നത്. കേരളത്തിലെ ഏതെങ്കിലുമൊരു സ്ത്രീ ഇതിനെ അംഗീകരിക്കുമോ. ഏതെങ്കിലുമൊരു മാതാവ് ഇതിനെ മാതൃകയാക്കണമെന്ന് പറയുമോ. സ്ത്രീകളെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്കെന്ത് യോഗ്യതയുണ്ട്. ''

''കടുകു മണി പോലെ പൊട്ടിത്തെറിക്കുക, മിണ്ടാതിരിക്ക്, വെറുതെ തലയില്‍ കയറാന്‍ നോക്കല്ലേ, ഇവര്‍ കുറെ നേരമായി തുള്ളി കളിക്കുന്നു. ഇതിന്റെ വായില്‍ എന്തെങ്കിലും തിരുകി കയറ്റ്.'' തുടങ്ങിയ പരാമര്‍ശങ്ങളും ചര്‍ച്ചയില്‍ ഷാഫി നടത്തി. ഒടുവില്‍ മുസ്ലീംലീഗ് മഹത്തായ പാര്‍ട്ടിയാണെന്ന് പറഞ്ഞുകൊണ്ട് ഷാഫി ചര്‍ച്ച അവസാനിപ്പിച്ചത്.

അതേസമയം, സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ ഇത് ലീഗ് വേദിയില്ലെന്നും പൊതുവേദിയാണെന്നും ജസ്‌ല ഷാഫിക്ക് മറുപടി നല്‍കി.


Next Story