Top

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലീം ലീഗ്; അച്ചടക്ക ലംഘനം നടത്തിയെന്ന് നേതൃത്വം

സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചത്.

17 Aug 2021 9:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലീം ലീഗ്; അച്ചടക്ക ലംഘനം നടത്തിയെന്ന് നേതൃത്വം
X

എംഎസ്എഫ് വനിത വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ്. ഹരിതയുടെ സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു. സംഘടനയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിച്ചതിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ ലീഗ് വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവരുടെ തീരുമാന പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്.

സംഘടന യോഗങ്ങളിലും മറ്റും നടത്തിയതായി ആരോപിക്കപ്പെട്ട പരാമര്‍ശങ്ങളില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും നേതൃത്വം വക്തമാക്കി. വിശദീകരണം ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടികളെന്നും പാര്‍ട്ടി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


അതേസമയം ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തില്‍ നിന്നു തന്നെ ഒരു വിഭാഗം രംഗത്തെത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇടി മുഹമ്മദ് ബഷീര്‍, എംകെ മുനീര്‍, കെപിഎ മജീദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവരായിരുന്നു ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിലൂടെ വനിത നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തിയെന്നും പരാതി പിന്‍വലിക്കാത്ത പക്ഷം ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനും പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ ഹരിത നേതാക്കളുടെ പരാതിയില്‍ ഇടപെടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇതിനകം ലീഗില്‍ രാജി ഉയര്‍ന്നിട്ടുണ്ട്. പരാതി ഉന്നയിച്ച ഒരു ഹരിത പ്രവര്‍ത്തകയുടെ പിതാവും മുസ്ലീം ലീഗ് പ്രദേശിക നേതാവും മലപ്പുറം എടയൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറിയുമായ ബഷീര്‍ കലമ്പനാണ് രാജിവച്ചത്. ബഷീര്‍ കലമ്പന്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചതായി വ്യക്തമാക്കുന്ന വാട്‌സ്ആപ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധിക്ഷേപിച്ചെന്ന് കാട്ടി ബഷീര്‍ കലമ്പന്റെ മകള്‍ നേരത്തെ പരാതി പറഞ്ഞിരുന്നു. രാത്രി ഒമ്പതരക്ക് ശേഷവും ഹരിത അംഗങ്ങള്‍ തനിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും ഇവര്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നുമായുരുന്നു കബീര്‍ എംഎസ്എഫ് യോഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഹരിത അംഗമായ ബഷീറിന്റെ മകള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് എംഎസ്എഫ് സംസ്ഥാന നേതാക്കള്‍കെതിരെ ഹരിതയുടെ പത്ത് നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ സംഘത്തില്‍ നല്‍കുന്നതില്‍ തന്റെ മകള്‍ ഉണ്ടായിരുന്നില്ലന്നും ബഷീര്‍ പറയുന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെയാണ് ഹരിത വിഭാഗം വനിതാ കമ്മീഷന്‍ ലൈംഗികാധിക്ഷേപ പരാതി നല്‍കിയത്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികളെയും പരസ്യമായി അപമാനിക്കുന്ന തരത്തിലാണ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ പെരുമാറ്റങ്ങളെന്ന് ഹരിത നേതാക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു. പരാതിയില്‍ ഇടപെടാന്‍ ലീഗ് നേതൃത്വം തയ്യാറാകാതെ വന്നതോടെയാണ് ഹരിതയുടെ പത്ത് നേതാക്കള്‍ പരാതിയുമായി വനിത കമീഷനെ സമീപിച്ചത്

പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തിലാണ് എംഎസ്എഫ് പ്രസിഡന്റിന്റെ സംസാരം, അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന സമയത്ത് സഹപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചും മെസ്സേജ് അയച്ചും മോശമായി സംസാരിച്ചു, ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണ്, വിവാഹം ചെയ്തു കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണ് തുടങ്ങിയ പ്രചരണങ്ങളും നേതാക്കള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന് എതിരെയാണ് പരാതി. ഒപ്പം എംഎസ്എഫ് മലപ്പുറം ജില്ലാ ജന. സെക്രട്ടറിക്കെതിരെയും ആക്ഷേപം ഉയര്‍ത്തിയിരുന്നു. മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുള്‍ വഹാബ് ഫോണിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി എന്നുമാണ് ആക്ഷേപം.

Next Story

Popular Stories