Top

'സിപിഐഎം ടിപിയോട് ചെയ്തത് ലീഗ് ജലീലിനോട് ചെയ്യാത്തത് മര്യാദ കാരണം'; ജലീല്‍ ഇന്നും ജീവനോടെ വെല്ലുവിളിച്ച് നടക്കുന്നുണ്ടെന്ന് ലീഗ് നേതാവ്

മുസ്ലിംലീഗിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍വെച്ച് ജലീലിന് ഇത്തരം വെല്ലുവിളികള്‍ നടത്താന്‍ കഴിയുന്നത് മുസ്ലിംലീഗിന്റെ സഹിഷ്ണുത ഒന്നു കാരണമാണ്

5 Aug 2021 3:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം ടിപിയോട് ചെയ്തത് ലീഗ് ജലീലിനോട് ചെയ്യാത്തത് മര്യാദ കാരണം; ജലീല്‍ ഇന്നും ജീവനോടെ വെല്ലുവിളിച്ച് നടക്കുന്നുണ്ടെന്ന് ലീഗ് നേതാവ്
X

മുസ്ലിംലീഗ് വിട്ടുപോയിട്ടും കെ ടി ജലീല്‍ ഇന്നും ജീവനോടെയിരുന്നത് മുസ്ലിംലീഗിന്റെ മര്യാദകാരണമാണെന്ന് മുസ്ലിംലീഗ് നേതാവ് ഷാഫി ചാലിയം. ടിപി ചന്ദ്രശേഖരന്‍ വധം ചൂണ്ടിക്കാട്ടിയായിരുന്നു ഷാഫി ചാലിയത്തിന്റെ പരാമര്‍ശം. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു പ്രതികരണം.

സിപിഐഎം വിട്ടുപോയ ഒരാളോട് സിപിഐഎം കാണിക്കുന്ന സമീപനമല്ല മുസ്ലിംലീഗ് വിട്ടുപോയ കെ ടി ജലീലിനോട് ലീഗ് കാണിച്ചതെന്നും, ലീഗിന്റെ മര്യാദയും സഹിഷ്ണുതയും സംസ്‌കാരവുംകൊണ്ടാണ് ജലീല്‍ ഇന്ന് ജീവനോടെ ലീഗിനെ വെല്ലുവിളിച്ച് നടക്കുന്നതെന്നും ഷാഫി ചാലിയം പറഞ്ഞു.
ടിപി ചന്ദ്രശേഖരന്‍ എന്ന മനുഷ്യന്‍ സിപിഐഎം വിട്ടുപോയപ്പോള്‍ 51 വെട്ടുവെട്ടി കഷ്ണമാക്കുകയാണ് ചെയ്തത്. എന്നാല്‍ കെ ടി ജലീല്‍ ഇന്നും ജീവനോടെ ലീഗിനെ വെല്ലുവിളിച്ച് മലപ്പുറത്ത് പത്രസമ്മേളനം നടത്തുന്നത് ലീഗിന്റെ മര്യാദയും സഹിഷ്ണുതയും സംസ്‌കാരവുംകൊണ്ടാണ്. മുസ്ലിംലീഗിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയില്‍വെച്ച് ജലീലിന് ഇത്തരം വെല്ലുവിളികള്‍ നടത്താന്‍ കഴിയുന്നത് മുസ്ലിംലീഗിന്റെ സഹിഷ്ണുത ഒന്നു കാരണമാണ്.
മുസ്ലിംലീഗിന്റെ പാര്‍ട്ടിഫണ്ട് പിരിവ് സംബന്ധിച്ച് ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെ്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയായിരുന്നു ഷാഫി ചാലിയത്തിന്റെ പ്രതികരണം.
മുസ്ലിം ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ തന്നെ ഒരുവലിയ വിഹിതം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. 35 ലക്ഷം മെമ്പര്‍ഷിപ്പാണ് ലീഗിനുള്ളത്. അതിലെ വിവിധ ഘടകകങ്ങള്‍ക്കുള്ളത് കഴിച്ചാല്‍ 50, 60 ശതമാനമാണ് സംസ്ഥാകമ്മിറ്റിക്ക് കിട്ടുന്നതെന്നും അതു തന്നെ കോടികളാണെന്നും ഷാഫി ചാലിയം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ ഫണ്ട് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടപ്പോഴായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം.



Next Story