Top

'മുസ്ലിം ലീഗ് സ്ത്രീ വിരുദ്ധ പാർട്ടി'; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കുരുക്ക്

പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി

17 Aug 2021 2:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം ലീഗ് സ്ത്രീ വിരുദ്ധ പാർട്ടി; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കുരുക്ക്
X

ഹരിത ഭാരവാഹികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എംഎസ്എഫില്‍ രാജി. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദാണ് രാജിവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ പറയുന്നു. ഹരിത ഭാരവാഹികളെ മരവിപ്പിച്ച നടപടിയില്‍ ഇതിനോടകം മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്. അബ്ദുസമദിന്‍റെ രാജി പാർട്ടിയെ കൂടുതല്‍ കുരുക്കിലേക്ക് തള്ളിവിടും.

അതേസമയം മുസ്ലിം ലീഗും എംഎസ്എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായ ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു. ഒന്നോ രണ്ടോ വ്യക്തികളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികള്‍ പ്രയാസം നേരിട്ടുണ്ടെങ്കില്‍ ഈ സംഘടന മൊത്തമായും സ്ത്രീ വിരുദ്ധമാണെന്ന് പറയരുത്. പാര്‍ട്ടി തീരുമാനത്തില്‍ തൃപ്തരല്ല എന്നു പറയുന്നില്ല പാര്‍ട്ടിയുടെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഔദ്യോഗികമായി ഞങ്ങളെ വിളിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വത്തിനു മുന്നില്‍ അറിയിക്കും. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും എംഎസ്എഫ് വ്യക്തമാക്കി.

'എംഎസ്എഫ് പൂര്‍ണമായും മുസ്ലിം ലീഗ് നേതൃത്വത്തിന് കീഴിലുള്ള സംഘടനയാണ്. ലീഗ് നേതൃത്വത്തെ അനുസരിച്ചും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും അംഗീകരിച്ചും മുന്നോട്ട് പോവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ പാര്‍ട്ടിക്കകത്ത് ഞങ്ങളുടെ അഭിപ്രായം കൃത്യമായി പറയാറുണ്ട്. അതിനുള്ള അവസരം നേതൃത്വം തന്നിട്ടുണ്ട് ഇനിയുമങ്ങനെയാണ് പ്രതീക്ഷിക്കുന്നത്,' ലത്തീഫ് തുറയൂര്‍ പറഞ്ഞു.

ഒപ്പം ഹരിതയുടെ പ്രവര്‍ത്തനം സംഘടനയ്ക്ക് മുതല്‍ക്കൂട്ടാണെന്നും ഹരിതയെ പിരിച്ചുവിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിത എംഎസ്എഫിന്റെ നിര്‍ണായക ഘടകമാണ്. ഹരിതയുടെ പ്രവര്‍ത്തനം മുസ്ലിം ലീഗിനും എംഎസ്എഫിനും കഴിഞ്ഞ കാലങ്ങളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ക്യാമ്പസുകളിലും വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഹരിതയുടെ പ്രവര്‍ത്തനം വേണ്ടെന്ന നിലപാട് എംഎസ്എഫിനോ മുസ്ലിം ലീഗിനോ ഇല്ലെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Next Story