Top

'കണ്ണൂരിലെ തോല്‍വിക്ക് കാരണം സുധാകരനും റിജിലും'; ഗൂഢാലോചന നടത്തിയെന്ന് ലീഗ്

റിജില്‍ മാക്കുറ്റിയുടെ പ്രവര്‍ത്തനം യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടിക്ക് കാരണമായെന്നും ലീഗ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

13 Sep 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരിലെ തോല്‍വിക്ക് കാരണം സുധാകരനും റിജിലും; ഗൂഢാലോചന നടത്തിയെന്ന് ലീഗ്
X

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്ലീം ലീഗ്. ലീഗിന്റെ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്. കെ സുധാകരനുള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അലംഭാവം കാട്ടിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ പ്രവര്‍ത്തനം യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടിക്ക് കാരണമായെന്നും ലീഗ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് റിജില്‍ മാക്കുറ്റി ചിലരോടൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായാണ് പ്രധാന ആരോപണം. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതേവരെ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന അവലോകന യോഗത്തിലാണ് ലീഗ് മണ്ഡലം കമ്മിറ്റി ഇത്തരത്തിലൊരു ആരോപണം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സതീഷന്‍ പാച്ചേനിയെ തോല്‍പ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചതായാണ് വിവരം. പാച്ചേനിയുടെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്കായി താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ആളുകളില്ലായിരുന്നുവെന്നുമാണ് വിമര്‍ശനം. മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയിച്ച കടന്നപള്ളി രാമചന്ദ്രന്‍ 60,313 വോട്ടുകള്‍ നേടിയപ്പോള്‍ സതീഷന്‍ പാച്ചേനി നേടിയത് 58,568 വോട്ടുകളായിരുന്നു.

Next Story