Top

ഹരിതയെ 'ഒതുക്കാന്‍' ലീഗില്‍ ധാരണ; ജില്ലാകമ്മറ്റികള്‍ പിരിച്ചുവിടും, പ്രവര്‍ത്തനം ക്യാമ്പസിനുള്ളില്‍ മതി

പരാതി പിന്‍വലിക്കാമെന്ന് ഉറപ്പ് തന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്

14 Sep 2021 4:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതയെ ഒതുക്കാന്‍ ലീഗില്‍ ധാരണ; ജില്ലാകമ്മറ്റികള്‍ പിരിച്ചുവിടും, പ്രവര്‍ത്തനം ക്യാമ്പസിനുള്ളില്‍ മതി
X

എംഎസ്എഫ് ഹരിതയുടെ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ മുസ്ലിംലീഗില്‍ ധാരണ. ഹരിത സ്വതന്ത്രമായ നിലപാടുകളെടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. സെപ്റ്റംബർ 26ന് ചേരുന്ന മുസ്ലിം ലീഗ് യോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും മുസ്ലിംലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിഎംഎ സലാമിന്റെ വെളിപ്പെടുത്തല്‍.

ഹരിതയുടെ എല്ലാ ജില്ലാകമ്മറ്റികളും പിരിച്ചുവിടുന്നതോടെ ക്യാമ്പസ് യൂണിറ്റുകളിലേക്ക് ഹരിത ഒതുങ്ങും. ജില്ലാ തലത്തില്‍ എംഎസ്എഫ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഇതോടെ ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പം നിന്ന് മാത്രമേ ഹരിതയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ക്യാമ്പസുകളില്‍ മുസ്ലിം വനിതകള്‍ക്ക് ധാര്‍മിക കാര്യങ്ങള്‍ ഉറപ്പുവരുത്തുകയായിരിക്കും ഹരിതയുടെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിലവിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എംഎസ്എഫിലെ വിഭാഗീയതയാണെന്നും പിഎംഎ സലാം ആരോപിച്ചു. ഹരിതയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് നിക്ഷിപ്ത താല്‍പര്യക്കാരാണ്. രണ്ടു വിഭാഗം ചേരിതിരിഞ്ഞ് പ്രശ്‌നമുണ്ടാക്കി, അത് പിന്നീട് വലിയ പ്രശ്‌നമാക്കി ചിത്രീകരിക്കുകയായിരുന്നു. ഒടുവില്‍ പരാതി പിന്‍വലിക്കാമെന്ന് ഉറപ്പ് തന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചു. അതുകൊണ്ടാണ് നേതൃത്വം കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.

അതുകൊണ്ട് മുസ്ലിം ലീഗ് സ്ത്രീവിരുദ്ധ പാര്‍ട്ടിയാകില്ല. ലക്ഷക്കണക്കിന് വനിതാ അംഗങ്ങള്‍ ഉള്ള പാര്‍ട്ടി എങ്ങനെ സ്ത്രീവിരുദ്ധ പാര്‍ട്ടി ആകും. മൂന്നുപേര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്താല്‍ പാര്‍ട്ടി സ്ത്രീവിരുദ്ധമാകുമോ എന്നും പിഎംഎ സലാം ചോദിച്ചു.

Next Story