Top

'കേരളത്തിലെ മതസൗഹാർദം തകർക്കരുത്'; പാലാ ബിഷപ്പിനോട് സാദിഖലി ശിഹാബ് തങ്ങൾ

'മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല'

11 Sep 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ മതസൗഹാർദം തകർക്കരുത്; പാലാ ബിഷപ്പിനോട് സാദിഖലി ശിഹാബ് തങ്ങൾ
X

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിലെ മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾ മത നേതാക്കൾ നടത്തരുതെന്നും സമുദായങ്ങൾ തമ്മിലുള്ള ഐക്യമാണ് ആവശ്യമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

'മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല. സമുദായങ്ങൾ തമമിലുള്ള ഐക്യമാണ് നമുക്കാവശ്യം. കേരളത്തെപോലൊരു സംസ്ഥാനത്ത് കാലങ്ങളായി ഇത് തുടർന്ന് വരികയാണ്. ഇത്തരം വിവാദ വിഷയങ്ങൾ പറഞ്ഞ് അതില്ലാതാക്കരുത്. സൗഹാർദം നിലനിർത്താനാണ് മതനേതാക്കൾ തയ്യാറാവേണ്ടത്. അതാണ് കേരളത്തിന്റെ പാരമ്പര്യം', സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഇതിനിടെ പാല രൂപതാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി മാണി സി കാപ്പന്‍ എംഎല്‍എ രം​ഗത്തെത്തി. ബിഷപ്പ് മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു.

'വിശ്വാസികള്‍ പ്രത്യേകിച്ച് കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. നാര്‍ക്കോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പാല എംഎല്‍എ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 'നാര്‍ക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിര്‍ന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാന്‍ പാടില്ല എന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില വസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ അഭിപ്രായം.' മാണി സി കാപ്പൻ പറഞ്ഞു.

Next Story