Top

ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുസ്ലീംസംഘടനകള്‍; 'സര്‍ക്കാര്‍ ഇടപെടണം, സര്‍വകക്ഷിയോഗം വിളിക്കണം'

മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന ആരില്‍ നിന്നും ഉണ്ടാവരുത്.

22 Sep 2021 12:09 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുസ്ലീംസംഘടനകള്‍;  സര്‍ക്കാര്‍ ഇടപെടണം, സര്‍വകക്ഷിയോഗം വിളിക്കണം
X

പാലാ ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് മുസ്ലീം സംഘടനകളുടെ ആവശ്യം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്നും യോഗത്തിന് ശേഷം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തിട്ടില്ല. വിഷയത്തില്‍ മുസ്ലീംവിഭാഗം അന്തസോടെയും പക്വതയോടെയുമാണ് പ്രതികരിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവന ആരില്‍ നിന്നും ഉണ്ടാവരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സൗഹാര്‍ദവും സാഹോദര്യത്തിനും ഭംഗം വരുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് യോഗത്തിന് ശേഷം സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ''സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ പാലാ ബിഷപ്പില്‍ നിന്നുണ്ടായി. ആ പ്രസ്താവനയിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത് മുസ്ലീം സമുദായത്തിനെയാണ് എന്നൊരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അതില്‍ കേരളത്തിലെ എല്ലാ മുസ്ലീങ്ങള്‍ക്കും മുസ്ലിം സംഘടനകള്‍ക്കും പ്രതിഷേധമുണ്ട്. എന്നാല്‍ വളരെ പക്വതയോടെയാണ് മുസ്ലീം സമുദായം പരാമര്‍ശത്തോട് പ്രതികരിച്ചത്. ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ ഒരു തിരിച്ചടിയോ പ്രസ്താവനയോ മുസ്ലീം സമുദായത്തില്‍ നിന്നുണ്ടായില്ല. എന്നാല്‍ ഇനിയും ഇത്തരത്തിലുള്ള ആവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് പാലാ ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കണം.''-സാദിഖലി തങ്ങള്‍ പറഞ്ഞു.


ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സംഘടനകളുടെ യോഗം കോഴിക്കോട് നടന്നത്. സമസ്ത കേരള ജംഇ യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, കേരള നദ്വത്തുല്‍ മുജാഹിദീന്‍ അടക്കമുള്ള 9 സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്തു.

Next Story