Top

'പുതുമയില്ല'; ലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെ മറുപടി

ന്യൂനപക്ഷങ്ങള്‍ക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോണ്‍ഗ്രസ് മാത്രം

2 Oct 2021 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതുമയില്ല; ലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെ മറുപടി
X

മുസ്ലീം ലീഗിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം എന്നും ഉറച്ചു നിന്നിട്ടുള്ളത് കോണ്‍ഗ്രസ് മാത്രമാണെന്നും മറ്റുള്ളവര്‍ കാലത്തിന് അനുസരിച്ച് നിലപാട് മാറ്റിയവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിയെന്ന് താന്‍ തന്നെ സമ്മതിച്ചതാണ്. ഇത് സംബന്ധിച്ച ലീഗിന്റ വിമര്‍ശനത്തില്‍ പുതുമയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

മഞ്ചേരിയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം നടക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയില്‍ ലീഗിനു സംഭവിച്ച ക്ഷീണവും ഹരിതയുമെല്ലാം ചര്‍ച്ചയാവുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ നിന്ന് മുസ്ലീം ലീഗിന് കരകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കോണ്‍ഗ്രസിന്റെ കാര്യത്തിലാണ് സംശയം. അടുത്തിടെയുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലീം ലീഗിന്.

പാല ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അതു ബാധിക്കുക യു.ഡി.എഫിനെയാണന്നും ലീഗ് നേതൃയോഗം വിലയിരുത്തുന്നു. വനിതകള്‍ക്കും യുവാക്കള്‍ക്കും മുസ്ലീം ലീഗില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായമുയര്‍ന്നു. ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വനിതകളെ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ട്.

Next Story