Top

'സോണിയക്കും രാഹുലിനും പോലും ആ പരാതിയുണ്ടാവില്ല'; സുധാകരനെ തള്ളി മുല്ലപ്പള്ളി; കടുത്ത അതൃപ്തി

ഒരു സ്ലോട്ട് വെച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് കഴിഞ്ഞ 50 വര്‍ഷമായി തനിക്ക് ഉണ്ടായിട്ടില്ലെന്നും അങ്ങനെ കാണണമെങ്കില്‍ അവസാനം വരെ കാത്തിരിക്കുമെന്നും മുല്ലപ്പള്ളി

27 Sep 2021 6:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സോണിയക്കും രാഹുലിനും പോലും ആ പരാതിയുണ്ടാവില്ല; സുധാകരനെ തള്ളി മുല്ലപ്പള്ളി; കടുത്ത അതൃപ്തി
X

വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തോട് പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. അത്തരമൊരു പരാതി എങ്ങനെ ഉയര്‍ന്നുവെന്ന് തനിക്ക് അറിയില്ല. അതിനെകുറിച്ച് കൂടുതലൊന്നും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടികാഴ്ച്ച നടത്തിയ ശേഷം ഇരുവരും മാധ്യമങ്ങളെ കാണവെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

'നിങ്ങളില്‍ ആര്‍ക്കെങ്കിലും അങ്ങനെയൊരു അനുഭവം ഉണ്ടെങ്കില്‍ പറയാം. താരിഖ് അന്‍വറും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സെക്രട്ടറിമാരും ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ഫോണ്‍ എടുക്കാത്ത അനുഭവം ഉണ്ടെങ്കില്‍ പറയാം. ആര്‍ക്കും അങ്ങനെയൊരു പരാതി ഇല്ല. അങ്ങനെയൊരു പരാതി എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. അതിനെകുറിച്ച് ഒരുവാക്ക് പോലും പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' മുല്ലപ്പള്ളി പറഞ്ഞു.

കെ സുധാകരനില്‍ കടുത്ത അതൃപ്തി വെച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. ഒരു സ്ലോട്ട് വെച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് കഴിഞ്ഞ 50 വര്‍ഷമായി തനിക്ക് ഉണ്ടായിട്ടില്ലെന്നും അങ്ങനെ കാണണമെങ്കില്‍ അവസാനം വരെ കാത്തിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

വിഎം സുധീരനെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സുധീരന്‍ എഐസിസിയില്‍ നിന്നും രാജിവെച്ച സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

സുധീരന്‍ കെഎസ്‌യു കാലം മുതല്‍ ആത്മസുഹൃത്താണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് മാത്രമെ മുന്നോട്ട് പോകാന്‍ കഴിയൂ. ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ. എല്ലാവരേയും ചേര്‍ത്തകൊണ്ട് പോകണം. സംഘടനയില്‍ അച്ചടക്കം കൊണ്ട് വരേണ്ടത് അനിവാര്യമാണ്. അതിലൊന്നും അഭിപ്രായവ്യത്യാസം ഇല്ലെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

രാജിയില്‍ സുധീരനുമായി കൂടികാഴ്ച്ച നടത്തുമെന്നാണ് താരിഖ് അന്‍വര്‍ ആവര്‍ത്തിച്ചത്.

Next Story