Top

ചന്ദ്രിക അക്കൗണ്ട് കേസ്: പാണക്കാട് ഹൈദരാലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്

ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ബോര്‍ഡോ ഉടമസ്ഥരോ ലീഗ് നേതാക്കളോ അറിയാതെ ആകാശത്തുനിന്നാണോ പണം വീണതെന്നായിരുന്നു എം ടി രമേശിന്റെ പരാമര്‍ശം.

5 Aug 2021 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദ്രിക അക്കൗണ്ട് കേസ്: പാണക്കാട് ഹൈദരാലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എംടി രമേശ്
X

ചന്ദ്രിക വിവാദത്തില്‍ പാണക്കാട് ഹൈദരാലി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ബോര്‍ഡോ അതിന്റെ ഉടമസ്ഥരോ ലീഗ് നേതാക്കളോ അറിയാതെ ആകാശത്തുനിന്നാണോ പണം വീണതെന്നായിരുന്നു എം ടി രമേശിന്റെ പരാമര്‍ശം.

ഹൈദരാലി തങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിലൂടെ പുറത്ത് വരട്ടേയെന്നും എം ടി രമേശ് പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്റെ പേരില്‍ വന്നിട്ടുള്ള കോടികളുടെ കള്ളപ്പണത്തിന്റെ ഉറവിടം പുറത്തുവരണം. കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇകോടികളുടെ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്നും എം ടി രമേശ് ആരോപിച്ചു.

അതേസമയം, തങ്ങളെയും കുടുംബത്തെയും പി കെ കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയായിരുന്നെന്നും ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അയച്ച നോട്ടീസ് ഇഡി പിന്‍വലിക്കണമെന്നും മുന്‍ മന്ത്രി കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെത്തിയതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും എന്നാല്‍ ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങള്‍ക്കാണ് ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലിം സമുദായത്തെയും ലീഗിനെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചന്ദ്രിക ഇപ്പോള്‍ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെപ്പോലെയാണെന്നും കെടി ജലീല്‍ പറഞ്ഞു.
എന്നാല്‍ ജലീലിന് മറുപടി നല്‍കാന്‍ ഇല്ലെന്നായിരുന്നു ആരോപണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മുസ്ലീം ലീഗിലെ മറ്റ് ആരെങ്കിലും മറുപടി പറയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.



Next Story