'എല്ലാ വിഷയങ്ങളിലും ഇടപെടുന്നതിനിടെ ജന്മദൗത്യം മറക്കരുത്'; അറസ്റ്റിന് പിന്നാലെ ഹരിത നേതാക്കളോട് പി കെ നവാസ്
ഹരിതയുടെ പത്താം വാര്‍ഷിക ദിനത്തില്‍ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു നവാസ്
11 Sep 2021 12:52 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എംഎസ്എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ അറസ്റ്റ് നടപടിക്ക് വിധേയനായതിന് പിന്നാലെ ഹരിതയ്ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. സംഘടനയുടെ ജന്മദൗത്യത്തില് നിന്ന് വ്യതിചലിച്ചുകൊണ്ട് സമൂഹത്തിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടുകയും, ആത്യന്തികമായ ജന്മദൗത്യത്തെ മറക്കുകയും ചെയ്യുമ്പോള്‍ മുതിര്‍ന്ന നേതാക്കളും മാതൃ സംഘടനയും ഇടപെട്ട് തിരുത്തുന്നത് സ്വാഭാവികമെന്നായിരുന്നു പി കെ നവാസിന്റെ പരാമര്‍ശം.
പാര്‍ട്ടിയുടേതായ ചില ചുറ്റുവട്ടങ്ങള്ക്കനുസരിച്ചാണ് എംഎസ്എഫ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാഷ്ട്രീയത്തിന് എല്ലാക്കാലത്തും അത്തരത്തിലൊരു പ്രവര്‍ത്തന മേഖലയുണ്ടായിരുന്നു. എന്നാല്‍ ലീഗ് ഒരുകാലത്തും പെണ്‍കുട്ടികളെ പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുന്ന പ്രസ്ഥാനമായി മുന്നോട്ടുപോയിട്ടില്ല. കോടതി മുറികളില്‍ തീരാത്ത പ്രശ്നങ്ങള്‍ തീര്‍ത്തത് പാണക്കാട്ട് ഉമ്മറപ്പടിയിലാണ്. ആ പാരമ്പ്യത്തെ മുറുകെ പിടിക്കുന്നവരാകണം പുതിയ തലമുറയിലെ എംഎസ്എഫുകാരെന്നും പി കെ നവാസ് പറഞ്ഞു. ഹരിതയുടെ പത്താം വാര്‍ഷിക ദിനത്തില്‍ ഹരിത മലപ്പുറം ജില്ലാ ഘടകം സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു നവാസ്.
പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്താമെന്ന വ്യാമോഹം ഉള്ളവര്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും അതിനുള്ള ആര്‍ജ്ജവവും മനസും പാര്‍ട്ടി തനിക്ക് പാകപ്പെടുത്തി തന്നിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തില്‍ പി കെ നവാസ് പറഞ്ഞത്.
താന്‍ തെറ്റ് ചെയ്തിരുന്നില്ലെന്ന പൂര്‍ണ്ണ വിശ്വാസമുണ്ട്. ലൈംഗിക ചുവയുള്ള സംസാരവും ഉണ്ടായിട്ടില്ല. എന്നിട്ടും പാര്‍ട്ടി പറഞ്ഞപ്പോള്‍ ഖേദം പ്രകടിപ്പിച്ചതാണ്. പാര്‍ട്ടിയില്‍ നിന്നും ആരും പുറത്ത് പോകുവാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയെ വിലമതിക്കാതെ വില പേശുന്നവരാണ് ഇതിന് പിന്നില്‍. തെറ്റ് ചെയ്തെന്ന് തെളിഞ്ഞാല്‍ രാജി വെക്കാന്‍ തയ്യാറാണെന്നും നവാസ് ചെര്‍ന്നൂരിലെ പൊതുവേദിയില്‍ വെച്ചു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ ആരോപണം സംബന്ധിച്ച എല്ലാം തുറന്നു പറയുമെന്ന വെല്ലുവിളിയോടെയായിരുന്നു പ്രതികരണം.
അതേസമയം, നവാസിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് ലീഗ് ഉന്നതാധികാരസമിതിയംഗം എം കെ മുനീറും രംഗത്തെത്തിയിരുന്നു. ഹരിതയുടെ പരാതി ആയുധമാക്കി മുസ്ലീം ലീഗിനെ തകര്‍ക്കാനുളള സിപിഐഎമ്മിന്റെ ശ്രമത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് മുനീര്‍ ആരോപിച്ചു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ നവാസിനെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നും മുനീര്‍ വ്യക്തമാക്കിയിരുന്നു.
- TAGS:
- PK Navas
- IUML
- MSF HARITHA
- MSF