'വനിതാ കമ്മീഷനെ സമീപിച്ചത് ലീഗിന് പരാതി നല്കി 50 ദിവസത്തിന് ശേഷം'; എംഎസ്എഫ് യോഗങ്ങളില്‍ നടന്നത് വിശദീകരിച്ച് ഹരിതാ നേതാവ്
'കൈയ്യിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നവാസ് പറഞ്ഞു'
15 Sep 2021 7:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുസ്ലീംലീഗ് നേതൃത്വത്തിന് പരാതി നല്കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്ന് ഹരിത നേതാവ് മുഫ്ഹീദ തസ്ലി. എല്ലാവരും വാസ്തവും അറിയണമെന്ന് തോന്നിയത് കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നത്. പൊതുജനമധ്യേ കള്ളികളാണെന്നും ധിക്കാരികളാണെന്നും പാര്‍ട്ടിയെ അനുസരിക്കാത്തവരാണെന്നും വരുത്തി തീര്‍ത്ത് നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യം മുന്നിലുണ്ടെന്നും മുഫ്ഹീദ തസ്ലി പറഞ്ഞു. ഒരു സൈബര്‍ ഗുണ്ടയാണ് ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നതെന്നും പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ കൈയ്യിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എംഎസ്എസ് പ്രസിഡണ്ട് പറഞ്ഞുപരത്തിയെന്നും മുഫ്ഹീദ ആരോപിച്ചു. പികെ നവാസിനും മലപ്പുറത്തെ ജില്ലാ നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുഫ്ഹീദ ഉന്നയിച്ചിരിക്കുന്നത്.
മുഫ്ഹീദ തസ്ലി പറഞ്ഞത്: പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കേണ്ടതില്ലായെന്ന് കൊണ്ടും പൊതുജനമധ്യോ വലിച്ചുകീറാന്‍ വിട്ടുകൊടുക്കേണ്ടതില്ലായെന്ന തീരുമാനത്തിന്റെ പുറത്താണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാസ്തവ വിരുദ്ധമായ രീതിയില്‍ പാര്‍ട്ടി ഉത്തരവാദിത്തപ്പെട്ടവര്‍ സംസാരിച്ചുതുടങ്ങുമ്പോഴാണ് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത്. പൊതുജനമധ്യേ കള്ളികളാണെന്നും ധിക്കാരികളാണെന്നും പാര്‍ട്ടിയെ അനുസരിക്കാത്തവരാണെന്നും വരുത്തി തീര്‍ത്ത് നിരന്തരം സൈബര്‍ ആക്രമണം നേരിടുന്ന സാഹചര്യം മുന്നിലുണ്ട്.
ആഗസ്റ്റ് 12ന് വനിതാ കമ്മിഷനീല് നല്കിയ പരാതിയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ജൂണ്‍ 24ന് കോഴിക്കോട് എംഎസ്എഫിന്റെ ഓഫീസായ ഹബീബ് സെന്ററിലാണ്. ഹരിത പാര്‍ട്ടിക്ക് കൊടുത്ത പരാതിയല്ല വനിതാ കമ്മീഷന് നല്‍കിയത്. രാഷ്ട്രീയമായി ശരിയല്ലാത്ത ഒരു വാക്കിന്മേല് കടിച്ച് തൂങ്ങാന്‍ നിന്നതല്ല. ഒരുപാട് കാലങ്ങളായി പാര്‍ട്ടിക്കകത്ത് തന്നെ പറയാറുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച അഞ്ച് പേജ് പരാതിയാണ് പാര്‍ട്ടിക്ക് നല്‍കിയത്. സംഭവം നടന്നത് ജൂണ്‍ 24 നാണെങ്കില്‍ ഹരിതയുടെ ഭാരവാഹികള്‍ ഇക്കാര്യം സംസാരിക്കുന്നത് 25 നാണ്. 26 ന് പരാതി എഴുതി 27 ന് അത് പാര്‍ട്ടിക്ക് കൈമാറുകയും ചെയ്തു.
പരാതിയില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയിലുള്ള പ്രസിഡണ്ടിനും സെക്രട്ടറിയും വളരെ കാലങ്ങളായി ഹരിതയിലുള്ള പെണ്‍കുട്ടികള്‍ക്കെതിരെ ക്യാമ്പയിന് നടത്തുന്നുണ്ട്. ഹരിതയിലെ പെണ്‍കുട്ടികള്‍ പ്രസവിക്കുന്നവരല്ല, പ്രത്യേകതരം ഫെനിസിനം വളര്‍ത്തുന്നവരാണ്. അവര്‍ അബോര്‍ഷനുമായി മുന്നോട്ട് പോവുകയാണ്. മെന്‍സ്ട്രല്‍ കപ്പിനെകുറിച്ചുള്ള അവബോധം കൊടുക്കുന്നതിലൂടെ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി അറിഞ്ഞു. തൊലിച്ചികള്‍ എന്നി വിളിച്ച് അപമാനിക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്.
ഒരു സൈബര്‍ ഗുണ്ടയാണ് ഹരിതയുടെ പെണ്‍കുട്ടികളെ നയിക്കുന്നതെന്നും അവരുടെ ഫേസ്ബുക്ക് ഉള്‍പ്പെടെ എഴുതികൊടുക്കുന്നത് ആ സൈബര്‍ ഗുണ്ടയാണെന്നും ഈ വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ എന്റെ കൈയ്യിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എംഎസ്എസ് പ്രസിഡണ്ട് പറഞ്ഞു പരത്തി. അസ്ഥിത്വത്തെ റദ്ദ് ചെയ്യുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
ഇതിലും കഴിഞ്ഞില്ല, വേശ്യക്കും അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ടാവും, ഇനി ഹരിത പറയട്ടെ എന്നു പറഞ്ഞാണ് മറ്റൊരു യോഗത്തില്‍ ഹരിതയിലെ പെണ്‍കുട്ടിയെ അഭിസംബോധന ചെയ്തത്. ഇതൊക്കെയാണ് പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ ഉള്ളത്. തെറ്റിദ്ധാരണ മാറണം. പാര്‍ട്ടിക്ക് പരാതി നല്കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. എല്ലാവരും വാസ്തവും അറിയണം.
- TAGS:
- MSF
- MSF HARITHA
- Muslim League