ഹരിത പിരിച്ചുവിടല്‍; രണ്ടു കാരണങ്ങള്‍ കൊണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍
8 Sep 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നത് സംബന്ധിച്ച് പാര്‍ട്ടി എടുത്തത് ശരിയായ തീരുമാനമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതൃത്വം കടുത്ത അച്ചടക്ക ലംഘനം നടത്തി. നിലവിലെ ഹരിത കമ്മറ്റിയുടെ കാലാവധിയും അവസാനിച്ചതാണെന്നും ഇ.ടി വ്യക്തമാക്കി.
മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാരസമിതി യോഗത്തിലായിരുന്നു ഹരിത കമ്മറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനം സ്വീകരിച്ചത്. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം അറിയിച്ചു.
എംഎസ്എഫ് നേതാക്കളുടെയും ഹരിതയുടെയും കൂടുതല്‍ വിശദീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പി കെ നാവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചായിരുന്നു ഹരിത നേതാക്കള്‍. ലീഗ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കും വിധം വനിതാ കമ്മീഷന്‍ പരാതിയെ ഉപയോഗിക്കാനാണ് ഹരിതയുടെ നീക്കം. പരാതി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നേതാക്കളെ പ്രധാനമായും ചൊടിപ്പിച്ചത്.