Top

'പ്രമുഖ ആത്മീയ നേതാക്കൾ മോൻസന്റെ വ്യാജ പുരാവസ്തുക്കളുമായി വിദേശത്ത് കറങ്ങി നടക്കുകയായിരുന്നു'; പരാതിക്കാർ പറയുന്നു

'സിനിമാ മേഖലയിലെയും വ്യവസായി മേഖലയിലെയും പലരുടെയും പണം സമാനമായി നഷ്ടപ്പെട്ടിട്ടുണ്ട്'

30 Sep 2021 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രമുഖ ആത്മീയ നേതാക്കൾ മോൻസന്റെ വ്യാജ പുരാവസ്തുക്കളുമായി വിദേശത്ത് കറങ്ങി നടക്കുകയായിരുന്നു; പരാതിക്കാർ പറയുന്നു
X

പുരാവസ്തുക്കളുടെ തട്ടിപ്പിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ആരെയും വിശ്വസിപ്പിക്കുന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പരാതിക്കാർ. ഉന്നത ഉദ്യോ​ഗസ്ഥരോടും രാഷ്ട്രീയക്കാരിലുമുളള സ്വാധീനം വിശ്വസിച്ചു. സിനിമാ മേഖലയിലെയും വ്യവസായി മേഖലയിലെയും പലരുടെയും പണം സമാനമായി നഷ്ടപ്പെട്ടിട്ടുണ്ട്. ആരും തുറന്നു പറയുന്നില്ല. ബാം​ഗ്ലൂരിൽ നിന്ന് 40 കോടിയോളം രൂപ മോൻസൺ പറ്റിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. ആത്മീയ നേതാക്കൾ മോൻസന്റെ വ്യാജ പുരാവസ്തുക്കളുമായി വിദേശത്ത് സന്ദർശിച്ചിട്ടുണ്ടെന്നും പരാതിക്കാരിലൊരാളായ എംടി ഷമീർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

"പ്രമുഖരായ ആത്മീയ നേതാക്കൾ അവിടെ വന്നിട്ടുണ്ട്. അവർക്ക് ഇത്തരം സാധനങ്ങൾ വാങ്ങി പണം നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ അവർ ഇത്തരം സാധനങ്ങളുമായി വിദേശ രാജ്യങ്ങളിലും മറ്റുമൊക്കെ കറങ്ങി നടക്കുകയായിരുന്നു. അവരുടെ ബന്ധം വെച്ച് ഇത് വിറ്റു കൊടുക്കാൻ. അത്തരം വിഷയങ്ങൾ പറഞ്ഞാൽ വലിയ രീതിയിലേക്ക് കാര്യങ്ങൾ പോവുമെന്ന സ്ഥിതിയാണിപ്പോൾ," എംടി ഷമീർ പറഞ്ഞു. നേരത്തെ അമൃതാനന്ദമയി അടക്കമുള്ളവർ മോൻസണൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

മോൻസൺ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ വെളിപ്പെടുത്തി. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ യാക്കൂബ് റിപ്പോര്‍ട്ടര്‍ ടിവിയോടു പറഞ്ഞു. മോന്‍സനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരാത്തതിനു പിന്നില്‍ ഈ കാരണമാണെന്നും യാക്കൂബ് വ്യക്തമാക്കി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story