Top

കൊടകര കേസ്; കൂടുതല്‍ കവർച്ചാപ്പണം കണ്ടെത്തി, ദീപ്തി സുഹൃത്തിനെ പണമേല്‍പ്പിച്ചത് ഭൂമി ഇടപാടില്‍ ലഭിച്ചതെന്ന് ധരിപ്പിച്ച്

കേസിലെ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യയും 22-ാം പ്രതിയുമായ ദീപ്തിയുടെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്.

6 Oct 2021 12:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടകര കേസ്; കൂടുതല്‍ കവർച്ചാപ്പണം കണ്ടെത്തി, ദീപ്തി സുഹൃത്തിനെ പണമേല്‍പ്പിച്ചത് ഭൂമി ഇടപാടില്‍ ലഭിച്ചതെന്ന് ധരിപ്പിച്ച്
X

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസിലെ മൂന്നരക്കോടയില്‍ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെത്തി. ഒരു ലക്ഷത്തി നാൽപതിനായിരം രൂപയാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ ഒരു കോടി നാല്പ്പത്തി ഏഴ് ലക്ഷത്തി നാല്പതിനായിരം രൂപയാണ് കണ്ടെടുത്തിരിക്കുന്നത്. കേസിലെ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യയും 22-ാം പ്രതിയുമായ ദീപ്തിയുടെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്.

സ്ഥലം വിറ്റവകയിൽ ലഭിച്ച തുകയെന്ന പേരിലാണ് പണം സൂക്ഷിക്കാൻ നൽകിയതെന്ന് സുഹൃത്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഈ ചോദ്യം ചെയ്യലിന്റെ ഭാഗമായി ദീപ്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചിൽ നടത്തിയത്.

കവർച്ചാപണത്തില്‍ ഇനി കണ്ടെടുക്കാനുള്ള രണ്ട് കോടിയോളം രൂപ സംബന്ധിച്ച വിവരം ശേഖരിക്കാനായിരുന്നു കേസില്‍ പുനരന്വേഷണത്തിന് പൊലീസ് കോടതിയുടെ അനുമതി തേടിയത്. ബാക്കി കവര്‍ച്ചാ പണം കണ്ടെത്താന്‍ കേസിലെ മുഴുവന്‍ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

കവര്‍ച്ചാ പണം കണ്ടെത്തുന്നതിനോടൊപ്പം ഇതിന്റെ ഉറവിടം കൂടി പുറത്തു കൊണ്ടു വരാനാണ് പൊലീസിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.പണമിടപാടില്‍ ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചോയെന്നതുള്‍പ്പെടെ അന്വേഷണ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.

ഏപ്രില്‍ 3 ന് പുലര്‍ച്ചയാണ് കൊടകര ദേശീയ പാതയില്‍ കാര്‍ ആക്രമിച്ച് പണം കവര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ബിജെപി കൊണ്ടുവന്ന പണം കവര്‍ച്ച ചെയ്യപ്പെട്ടെന്നാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നത്. ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയ കേസില്‍ സംസ്ഥാന നേതാക്കളെ അടക്കം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കേസില്‍ ഏഴാം സാക്ഷിയാണ്.

Next Story