Top

'പ്രേമം കൊണ്ടൊന്നുമല്ല, സുധാകരന് അറിയാം കൂടെ നിന്നാല്‍ പണം കിട്ടുമെന്ന്'; മോന്‍സണ്‍- സുധാകരന്‍ ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍

കെ മുരളീധരന്റെ പേരും സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നുണ്ട്.

29 Sep 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രേമം കൊണ്ടൊന്നുമല്ല, സുധാകരന് അറിയാം കൂടെ നിന്നാല്‍ പണം കിട്ടുമെന്ന്; മോന്‍സണ്‍- സുധാകരന്‍ ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍
X

വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇടപാടുകള്‍ നടന്നാല്‍ പണം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് സുധാകരന്‍ തന്റെ കൂടെ നില്‍ക്കുന്നതെന്ന് മോന്‍സണ്‍ അനൂപിനോട് പറയുന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെ മുരളീധരന്റെ പേരും സംഭാഷണത്തില്‍ മോന്‍സന്‍ പറയുന്നുണ്ട്.

സംഭാഷണം ഇങ്ങനെ: ''സുധാകരന്‍ എംപിയാണ്, മുരളീധരന്‍ എംപിയാണ്. അവരെല്ലാം എന്റെ കാര്യത്തിന് വേണ്ടി പോകുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ പൊട്ടന്മാരാണോ. ഇവരെല്ലാം എന്നെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്തിനാ? എന്നോടുള്ള പ്രേമം കൊണ്ടാണോ? അവര്‍ക്കറിയാം. കാശ് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് അവരൊക്കെ കൂടെ നില്‍ക്കുന്നത്.''

അതേസമയം, മോന്‍സണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ ഇന്നും രംഗത്തെത്തി. മോന്‍സണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

''അങ്ങനെ ഒരു അപവാദം മോന്‍സന്‍ നടത്തുന്നുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകും. മോന്‍സണിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ചികിത്സാര്‍ത്ഥമാണ് അത്. വളരെ യാദൃശ്ചികമായാണ് മോന്‍സന്റെ അടുത്തെത്തിയത്. എറണാകുളത്തെ പ്രവര്‍ത്തകനാണ് എന്നെ അവിടെ എത്തിച്ചത്. ചികിത്സക്കായി അഞ്ച് തവണ പോയിട്ടുണ്ട്. എന്നാല്‍ ചികിത്സയില്‍ എനിക്ക് മാറ്റം ഇല്ലാതെ വന്നതോടെ ചികിത്സ നിര്‍ത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സ നടത്തിയെന്നതൊക്കെ വാസ്തവവിരുദ്ധമാണ്. അവിടുത്തെ ആഢംബരം കണ്ടപ്പോള്‍ അതില്‍ വീണു. ഒരു അഞ്ച് പൈസയുടെ പണമിടപാട് ഞാനുമായി നടത്തിയിട്ടില്ല. അതാണ് സത്യം. അല്ലാത്ത തരത്തില്‍ മോന്‍സന്‍ പറഞ്ഞെങ്കില്‍ നിയമനടപടിയുമായി പോകും. അയാളൊരു നല്ല കള്ളനാണെന്നത് വ്യക്തമാണ്. മോഹന്‍ലാലിനെ പോലെ പ്രസിദ്ധരായവര്‍ പോലും അവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. എത്രയോ സിനിമാ നടന്മാര്‍ അവിടെയുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥിരതാമസമാണവിടെ. ഞാന്‍ മാത്രം എന്തിന് ശങ്കിക്കണമായിരുന്നു. മോന്‍സന്റെ വീട് നഗരത്തിലാണ്. ഐപിഎസുകാരും പൊലീസുകാരും തമ്പടിക്കുന്ന സ്ഥലം. പിന്നെ എന്തിന് ജാഗ്രത പാലിക്കണം. പാതിരാത്രിക്കൊന്നും അവിടെ കയറി പോയിട്ടില്ല. ഏത് നേതാവാണോ പറഞ്ഞത് അയാള്‍ സ്വയം പരിശോധിക്കട്ടെ. ഇക്കാര്യത്തില്‍ എനിക്കൊരു ശങ്കയുമില്ല. സത്യം സത്യമായി പറയുന്നയാളാണ് ഞാന്‍.'' സുധാകരന്‍ വ്യക്തമാക്കി.

നേരത്തെ കൊച്ചി കലൂരിലെ മോന്‍സണിന്റെ വീട്ടില്‍വച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിരുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാന്‍ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തില്‍ സുധാകരന്‍ ഉറപ്പുനല്‍കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Next Story