Top

ഓണക്കോടിക്ക് ഒപ്പം പണപ്പൊതി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണെതിരെ കൂടുതല്‍ തെളിവുകള്‍, സ്ഥിരീകരിച്ച് ഭരണകക്ഷി അംഗങ്ങള്‍

പണത്തെക്കുറിച്ച് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷി ഉളളംപളളിയും ഇടത് കൗൺസിലർ ലിയ തങ്കച്ചനുമായി സംസാരിക്കുന്ന ശബ്ദസന്ദേശവും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.

20 Aug 2021 9:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കോടിക്ക് ഒപ്പം പണപ്പൊതി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണെതിരെ കൂടുതല്‍ തെളിവുകള്‍, സ്ഥിരീകരിച്ച് ഭരണകക്ഷി അംഗങ്ങള്‍
X

എറണാകുളം തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്ക്കൊപ്പം പണം നല്‍കിയെന്ന ആരോപണത്തില്‍ ചെയര്‍പേഴ്സണെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പണമടങ്ങിയ കവറുകള്‍ കൗണ്‍സിലര്‍മാര്‍ അധ്യക്ഷയ്ക്ക് തിരിച്ചുനല്‍കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇത് പരാതിയുടെ കവറാണെന്നായിരുന്നു ചെയര്‍പേഴ്‌സണിന്റെ വാദം. എന്നാല്‍ പണം ലഭിച്ചതായി ഭരണകക്ഷി അംഗങ്ങള്‍ തന്നെ സ്ഥിരീകരിച്ചു.

ഇത്തരത്തില്‍ പണം സ്വീകരിക്കുന്നത് ശരില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നതും പണം തിരികെ നല്‍കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. ഇതുകൂടാതെ ചെയര്‍പേഴ്‌സന്‍ നല്‍കിയ പണത്തെക്കുറിച്ച്
ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷി ഉളളംപളളിയും ഇടത് കൗൺസിലർ ലിയ തങ്കച്ചനുമായി
സംസാരിക്കുന്ന ശബ്ദസന്ദേശവും റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. പണം പലയിടത്തുനിന്ന് ശേഖരിച്ചെന്നാണ് ചെയർപേഴ്സൻ തന്നോട് പറഞ്ഞതെന്നും 4 ലക്ഷത്തി 30000 രൂപ എവിടെനിന്ന് ലഭിച്ചുവെന്ന് കൗൺസിലർമാരോട് തന്നെ ചോദിക്കണമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ ശബ്ദസന്ദേശത്തില്‍ ചോദിക്കുന്നു.

ഓണകിറ്റിനൊപ്പം നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ പ്രത്യേകം ക്യാബിനില്‍ വിളിച്ച് വരുത്തി സ്വകാര്യമായി പണം അടങ്ങുന്ന കവര്‍ സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പണം തിരിച്ച് നല്‍കിയ ഈ പതിനെട്ട് അംഗങ്ങള്‍ പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കി. 43 അംഗങ്ങളാണ് തൃക്കാക്കരയിലുള്ളത്. ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് പതിനായിരം രൂപ വച്ച നല്‍കുന്നതിന് ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും.

ഓണ സമ്മാനം ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ പണം എവിടെ നിന്ന് എത്തിയെന്ന സംശയമാണ് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.


Next Story