Top

'ടോയ്‌ലറ്റിലെ ബക്കറ്റ് മോഷണം, മാസ്‌ക് ധരിച്ചവരുടെ മാസ്‌ക് ഊരുക; ഗ്രാമീണര്‍ക്ക് പരിഹാസം'; ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍

ശരിക്കും നമ്മള്‍ പാര്‍ക്കുന്ന ലോകം ഏതാണോ എന്തോ

10 Aug 2021 10:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോയ്‌ലറ്റിലെ ബക്കറ്റ് മോഷണം, മാസ്‌ക് ധരിച്ചവരുടെ മാസ്‌ക് ഊരുക; ഗ്രാമീണര്‍ക്ക് പരിഹാസം; ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍
X

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ചാനലിലെ ചില വീഡിയോകളുടെ ഉള്ളടക്കങ്ങള്‍ക്കെതിരെയും സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങള്‍. പെട്രോള്‍ പമ്പിലെ ബാത്ത്‌റൂമില്‍ കയറി അവിടെയുള്ള ബക്കറ്റ് മോഷ്ടിക്കുക, മാസ്‌ക് ഇട്ടു നിന്ന് സംസാരിക്കുന്നവരുടെ മാസ്‌ക് വലിച്ചൂരുക തുടങ്ങിയ പ്രവര്‍ത്തികളാണ് ഇരുവരും കാണിക്കുന്നതെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പല ഗ്രാമങ്ങളിലും ചെന്ന് ഗ്രാമീണരെ പരിഹസിക്കുന്ന വീഡിയോകളും ഇവരുടെ ചാനലിലുണ്ടെന്ന് വീഡിയോ നിരീക്ഷിച്ചവര്‍ അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ ശ്രീചിത്രന്റെ കുറിപ്പ്: ''ഇപ്പോഴാണ് ഈ ട്രാവല്‍ വ്‌ളോഗേഴ്‌സിനെ ഒന്ന് വിശദമായി കണ്ടത്. നുമ്മ ഓള്‍ഡ് ജനറേഷനായി പോകാതിരിക്കാന്‍ വേറെ വഴിയില്ല എന്നുറപ്പായ സ്ഥിതിക്ക് ഗെയ്‌സിനെ വിശദമായി പരിചയപ്പെട്ടു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായത്. എന്റെ വിചാരം പൊതുവേ ഫ്രീക്കര്‍ക്കുള്ള വിവരമില്ലായ്മ കൊണ്ട് സംഭവിച്ച പ്രശ്‌നങ്ങള്‍ എന്നായിരുന്നു. എന്നാല്‍ അതല്ല. അവര്‍ക്ക് വിവരമില്ലായ്മയല്ല. അവര്‍ക്ക് വിവരം ഇസ്റ്റല്ല. അതായത് നിയമലംഘനങ്ങള്‍ ഒരു സാഹസികപ്രവൃത്തിയായി കാണുന്ന മനോഭാവമാണ്. ആംബുലന്‍സിന്റെ ഹോണ്‍ മുഴക്കി ടോള്‍ കൊടുക്കാതെ പോകുന്നത് നിങ്ങള്‍ കണ്ടുകാണും. അത് കൂട്ടത്തിലൊന്നു മാത്രമാണ്. വിശദമായി കണ്ടാല്‍ ബാക്കിയറിയാം. പെട്രോള്‍ പമ്പിലെ ബാത്ത്‌റൂമില്‍ കയറി അവിടെയുള്ള ബക്കറ്റ് മോഷ്ടിക്കുക, മാസ്‌ക് ഇട്ടു നിന്ന് സംസാരിക്കുന്നവരുടെ മാസ്‌ക് വലിച്ചൂരുക തുടങ്ങിയ പലതരം മൃഗയാവിനോദങ്ങളാണ്. കുറച്ചുകാലം മുന്‍പ് Hpയുടെ പമ്പുകളിലെ ടോയ്‌ലറ്റില്‍ തീവണ്ടിയിലെ ടോയ്‌ലറ്റുകളെപ്പോലെ ചങ്ങലയിട്ട കപ്പുകള്‍ ഫിറ്റ് ചെയ്തിരുന്നു. ഇവന്‍മാരെയൊക്കെ പേടിച്ചിട്ടായിരിക്കണം. പല ഗ്രാമങ്ങളിലും ചെന്ന് അവിടെയുള്ള ഗ്രാമീണരെ പരിഹസിക്കുന്ന വീഡിയോകളുണ്ട്. ഗ്രാമീണരോടുള്ള ഇവരുടെ പ്രധാനപ്രശ്‌നം ഇവരുടെ 'വേള്‍ഡ് വൈബി'നോട് ഒത്തു പോകുന്നില്ല എന്നതാണ്. ഗ്രാമീണര്‍ തീരെ കണ്‍ട്രികളാണ്. അപ്പിയിടുന്നിടത്തെ ബക്കറ്റ് മോഷ്ടിക്കുന്ന ഇവരാണ് ആധുനികര്‍. ഇടക്കിടക്ക് 'ലോകം മുഴുവന്‍ അറിയപ്പെടുന്ന ഞങ്ങള്‍'' ''ലോകം മുഴുവന്‍ അറിയപ്പെടുന്ന വണ്ടി'' എന്നൊക്കെ പറയുന്നതു കേള്‍ക്കാം. ലോകം എന്നുവെച്ചാല്‍ അതങ്ങനെ ഒരു ലോകം. എല്ലാം കോടികള്‍ക്കേ ഇവര്‍ ചെയ്യാറുള്ളൂ. അഞ്ചുകോടിയുടെ ബസ് വാങ്ങി, രണ്ട് കോടിയുടെ പട്ടിയെ വാങ്ങി എന്നൊക്കെ ആണ് തലക്കെട്ടുകള്‍. പക്ഷേ പരിപാടി കക്കൂസിലെ ബക്കറ്റ് മോഷണവും ആംബുലന്‍സിന്റെയും പ്രസിന്റെയും സ്റ്റിക്കര്‍ ഒട്ടിക്കലുമൊക്കെയാണ്. ഇവരെ കേട്ടിട്ടേ ഇല്ലാത്ത മുകേഷ്, സുരേഷ്‌ഗോപി എന്നിവര്‍ ഓള്‍ഡ് ജനറേഷനാണ്. സുധാകരന്‍ ബ്രോ, കുഴല്‍നാടന്‍ മച്ചാന്‍, ബിന്ദുകൃഷ്ണ യോയോ, എക്‌സലൈറ്റ് ജോയ് മാത്യു മച്ചാന്‍ എന്നിവര്‍ ന്യൂ ജനറേഷന്‍ ആണ്. അവര്‍ക്ക് ന്യൂ വേള്‍ഡിന്റെ വൈബ് കിട്ടുന്നുണ്ട്. ശരിക്കും നമ്മള്‍ പാര്‍ക്കുന്ന ലോകം ഏതാണോ എന്തോ.''

പല വീഡിയകളിലും ഇരുവരുടെയും ഗതാഗത നിയമലംഘനങ്ങള്‍ വ്യക്തമാണ്. ബിഹാറിലെ റോഡില്‍കൂടിയുള്ള യാത്രയില്‍ വേഗത്തില്‍ പോകാനായി ആംബുലന്‍സുകള്‍ക്ക് സമാനമായ സൈറണ്‍ വാഹനത്തില്‍ മുഴക്കി പായുന്നുണ്ട് ഇവര്‍. 'വേറെന്ത് ചെയ്യാനാണ്, ഒറ്റ മനുഷ്യനും മാറിത്തരുന്നില്ല' എന്നാണ് ഇതിന് അവര്‍ പറഞ്ഞ ന്യായം. സൈറണ്‍ കേട്ട് പൊലീസ് വാഹനമടക്കം ഇവര്‍ക്ക് വഴിമാറികൊടുക്കുന്നതും, ആംബുലന്‍സ് ആണെന്ന് തെറ്റിധരിച്ച് ടോള്‍ ബൂത്തില്‍ പണം നല്‍കാതെ കടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, ബിഹാറില്‍ ഇരുവരും നടത്തിയ നിയമ ലംഘനത്തില്‍ പ്രാഥമിക പരിശോധന തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഇ ബുള്‍ജെറ്റ് യുട്യൂബ് ചാനലിലെ മുഴുവന്‍ വീഡിയോകളും പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോകള്‍ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടും. അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ മുഴുവന്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിംഗ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മോശം കമന്റിടുന്ന കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി. അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതു ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇതിനിടെ, ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിയമലംഘനത്തില്‍ കര്‍ശനനടപടികളുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തി. ലിബിന്റെയും എബിന്റെയും വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനം ഓടിച്ച വ്യക്തിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ അറിയിച്ചു.

ആര്‍ടി ഓഫീസിലെ സംഘര്‍ഷത്തില്‍ നാശനഷ്ടങ്ങളുടെ പിഴ ഒടുക്കാമെന്ന് ജെറ്റ് സഹോദരങ്ങള്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ആര്‍ടി ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പിഴ എത്രയായാലും അത് ഒടുക്കാമെന്ന ഇവരുടെ അഭിഭാഷകനാണ് കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. കേസില്‍ വാദം കേള്‍ക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ടി ഓഫീസില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്ക് ബോധ്യപ്പെടുത്താനും കോടതി നിര്‍ദേശം നല്‍കി.

Next Story