Top

'തീവ്രവാദം അനിയന്ത്രിതമായി തുടരുന്നു'; നാർക്കോട്ടിക് ജിഹാദ് ആരോപണവുമായി ഇരിങ്ങാലക്കുട രൂപതയും

പാലാ രൂപത ബിഷപ്പിന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതിനിടെയിലാണ് ഇരിങ്ങാലക്കുട ബിഷപ്പിന്റെയും പരാമർശം

10 Sep 2021 1:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീവ്രവാദം അനിയന്ത്രിതമായി തുടരുന്നു; നാർക്കോട്ടിക് ജിഹാദ് ആരോപണവുമായി ഇരിങ്ങാലക്കുട രൂപതയും
X

പാലാ രൂപത ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് ആരോപണങ്ങൾക്ക് പിന്നാലെ സമാന പ്രസ്താവനകളുമായി കൂടുതൽ രൂപതകൾ. ലൗ ജിഹാദിലും ലഹരി ജിഹാദിലും കുട്ടികൾ പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും സമുദായത്തിലെ ഒരു കുടുംബത്തിൽ നാലു കുട്ടികളെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട പള്ളിയിൽ നടത്തിയ പ്രസ്താവനയിലാണ് ബിഷപ്പിന്റെ പരാമർശം.

"തീവ്രവാദം അനിയന്ത്രിതമായി തുടരുമ്പോൾ നമ്മുടെ യുവാക്കളെയും യുവതികളെയും അനിതാവനം ചെയ്യാൻ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ലൗ ജിഹാദ്, ലഹരി ജിഹാദ് തുടങ്ങിയ കുരുക്കുകൾ നമ്മുടെ മക്കൾ വന്നുപടാതിരിക്കാൻ മാതാപിത്താക്കൾ കുട്ടികളിൽ ചെറുപ്പം മുതൽ ശ്രദ്ധ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്. നാല് മക്കളെങ്കിലും നമ്മുടെ കുടുംബങ്ങളിൽ ഉണ്ടാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് പ്രോത്സാഹനം നൽകാനാണ് നാം പ്രോ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്," ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് നടക്കുന്നെന്ന പാലാ രൂപത ബിഷപ്പിന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതിനിടെയിലാണ് ഇരിങ്ങാലക്കുട ബിഷപ്പിന്റെയും പരാമർശം. കേരളത്തിൽ ലൗ ജിഹാദിനൊപ്പം തന്നെ നാർകോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികളും യുവാക്കളും ഇത്തരത്തിൽ ലഹരിക്കടിമയാവുന്നുണ്ടെന്നുമായിരുന്നു പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന.

Next Story