Top

'രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ ഇറങ്ങും, നിങ്ങളെ ഞാന്‍ കാണിച്ചു തരാം'; ക്രൈംബ്രാഞ്ചിന്റെ മുമ്പിലിരുന്നു മോന്‍സന്റെ ഭീഷണി

''ഇന്നു ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയ ഞങ്ങള്‍ക്കു ഒരു പോലീസുകാരനെ ഉപയോഗിച്ചു ഭീഷണി സന്ദേശം എത്തിക്കുകയായിരുന്നു അയാള്‍. അത്രയ്ക്കു കളി പഠിച്ചവനാണ്. ഞാന്‍ രണ്ടു ദിവസത്തിനകം പുറത്തിറങ്ങും എന്നിട്ടു കാണിച്ചു തരാം എന്നാണ് ഞങ്ങളെ അറിയിച്ചത്''- യാക്കൂബ് പറഞ്ഞു.

29 Sep 2021 6:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ ഇറങ്ങും, നിങ്ങളെ ഞാന്‍ കാണിച്ചു തരാം; ക്രൈംബ്രാഞ്ചിന്റെ മുമ്പിലിരുന്നു മോന്‍സന്റെ ഭീഷണി
X

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ യാക്കൂബ് റിപ്പോര്‍ട്ടര്‍ ടിവിയോടു പറഞ്ഞു.

മോന്‍സനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരാത്തതിനു പിന്നില്‍ ഈ കാരണമാണെന്നും യാക്കൂബ് വ്യക്തമാക്കി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇന്നു ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയ ഞങ്ങള്‍ക്കു ഒരു പോലീസുകാരനെ ഉപയോഗിച്ചു ഭീഷണി സന്ദേശം എത്തിക്കുകയായിരുന്നു അയാള്‍. അത്രയ്ക്കു കളി പഠിച്ചവനാണ്. ഞാന്‍ രണ്ടു ദിവസത്തിനകം പുറത്തിറങ്ങും എന്നിട്ടു കാണിച്ചു തരാം എന്നാണ് ഞങ്ങളെ അറിയിച്ചത്''- യാക്കൂബ് പറഞ്ഞു.

തട്ടിപ്പുകേസില്‍ താന്‍ പിടിയിലായതു മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്‌നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്‌റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മോന്‍സനെ മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കു പരിചയപ്പെടുത്തിയത് താനാണെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍. സംഘടനയുടെ പേട്രണ്‍ എന്ന നിലയിലാണ് മോന്‍സനെ ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത്. രണ്ടു തവണ പരിചയപ്പെടുത്തി. ആദ്യത്തേത് ഡിജിപി ഓഫീസില്‍ വച്ചും, രണ്ടാമത് എറണാകുളത്ത് ഒരു പരിപാടിയില്‍ വച്ചുമാണ്. മോന്‍സന്റെ മ്യൂസിയം ഒന്ന് സന്ദര്‍ശിക്കാന്‍ സാധിക്കുമോയെന്ന് ഞാനാണ് അവരോട് ചോദിച്ചത്. അങ്ങനെയാണ് മ്യൂസിയം സന്ദര്‍ശിച്ചത്. അന്ന് ബെഹ്‌റയ്‌ക്കൊപ്പം മനോജ് എബ്രഹാമുണ്ടായിരുന്നെന്ന് അനിത പറഞ്ഞു.

തട്ടിപ്പ് ആരോപണങ്ങളില്‍ കെ സുധാകരനെക്കുറിച്ച് പറയാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായും നേരിട്ടും ഫോണിലൂടെയും പലരും തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നതായും ഭീഷണിപ്പെടുത്തിയതായും മറ്റൊരു പരാതിക്കാരന്‍ അനൂപും റിപ്പോര്‍ട്ടര്‍ ടിവിയോടു വെളിപ്പെടുത്തി. ''പരാതി നല്‍കിയതിനുശേഷം കെ സുധാകരന്‍ എന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ഒന്നു രണ്ട് ആളുകള്‍ വിളിച്ചിരുന്നു. പരാതി മാധ്യമങ്ങളില്‍ വന്ന സമയത്ത് സുധാകരന് ഇക്കാര്യത്തില്‍ നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ല എന്ന രീതിയില്‍ മീഡിയ വണ്ണിന് ഞാന്‍ നല്‍കിയ സ്റ്റേറ്റ്‌മെന്റ് മറ്റിടങ്ങളിലും ആവര്‍ത്തിച്ചാല്‍ മതിയെന്നും അതാണ് ശരിയെന്നും രീതിയില്‍ സംസാരിച്ചു. അങ്ങനെ മാത്രമേ പറയാവുള്ളൂ എന്നൊരാള്‍ നിര്‍ദേശം നല്‍കി. മറ്റൊരാളുടേത് ഭീഷണിയുടെ ശബ്ദമായിരുന്നു. പിന്നീട് തൃശ്ശൂരിലേക്ക് നേരിട്ട് വന്നും ഇത് ആവര്‍ത്തിച്ചിരുന്നു''- അനൂപ് വെളിപ്പെടുത്തി.

Next Story