Top

മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നിരീക്ഷണത്തിന് ശേഷം ഇയാളെ കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ്

28 Sep 2021 9:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിന് ശേഷം ഇയാളെ കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കിയത് ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായി. ബെഹ്‌റ നിര്‍ദേശം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീടിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്‌റ കത്ത് നല്‍കിയത്. 2019 ജൂണ്‍ 13നാണ് ലോക്‌നാഥ് ബെഹ്‌റ സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ധേശിച്ച് കത്ത് അയച്ചത്.

കൊച്ചിയിലെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്‌നാഥ് ബെഹ്‌റ ആദ്യം കത്തില്‍ ആവശ്യപ്പെട്ടത്. അമൂല്യമായ പുരാവസ്തു ശേഖരമുള്ളതാണ് ഈ വീടെന്നും കത്തില്‍ ബെഹ്‌റ പറയുന്നുണ്ട്.

ബെഹ്‌റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കി. സമാനമായ കത്ത് ഡിജിപിയായിരുന്ന ബെഹ്‌റ ചേര്‍ത്തലയിലേക്കും അയച്ചിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരിച്ച് സുരക്ഷ ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടി 21. 11. 2019ല്‍ അതത് ജില്ലാ പോലീസ് മേധാവിമാര്‍ ഡിജിപിക്ക് അയച്ച കത്തും റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടു. വീടുകള്‍ക്ക് മുന്നില്‍ പോലീസ് പെട്രോളിംഗും ആരംഭിച്ചെന്നും, വീടുകളില്‍ ബീറ്റ് ബോക്‌സും സ്ഥാപിച്ചതായും ജില്ലാ പോലീസ് മേധാവിമാര്‍ ബെഹ്‌റയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ബെഹ്‌റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോന്‍സണിന് എതിരായ കേസ് ലോക്കല്‍ പൊലീസിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച ഐജി ലക്ഷണയ്ക്ക് എതിരെ നടപടി എടുക്കാതിരുന്നതിനു പിന്നിലും ബെഹ്‌റയുടെ നിര്‍ദ്ധേശം ഉണ്ടായിരുന്നുവെന്നാണ് വിവരം.

Next Story