Top

മോന്‍സന്‍ ബന്ധത്തിലെ വിമര്‍ശനം; ബെന്നി ബെഹനാനെതിരെ പ്രകോപിതനായി സുധാകരന്‍

സത്യം സത്യമായി പറയുന്നയാളാണ് ഞാന്‍

29 Sep 2021 11:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്‍ ബന്ധത്തിലെ വിമര്‍ശനം; ബെന്നി ബെഹനാനെതിരെ പ്രകോപിതനായി സുധാകരന്‍
X

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് പറഞ്ഞ ബെന്നി ബെഹനാനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും, പാര്‍ട്ടിയുടെ ചട്ടക്കൂട് ബെന്നി ബെഹനാനും ബാധകമാണെന്ന് ഓര്‍ക്കണമെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

സുധാകരന്‍ പറഞ്ഞത്: ''ബെന്നി ബെഹനാന്റെ ചോദ്യങ്ങളൊന്നും എന്റെ അടുക്കല്‍ വേണ്ട. നോ. നോ. അതിനോടൊന്നും ഞാന്‍ പ്രതികരിക്കില്ല. എനിക്ക് പാര്‍ട്ടിയുടെ ഒരു ചട്ടക്കൂട് ഉണ്ട്. അതുകൊണ്ട് ഞാനതിന് മറുപടി പറയുന്നില്ല. ആ ചട്ടക്കൂട് അദ്ദേഹത്തിനും ബാധകമാണ്.''

കേസില്‍ സമഗ്രാന്വേഷണം വേണമെന്നും, മോന്‍സണിനെ പോലുള്ള ആളുമായി ബന്ധപ്പെടുമ്പോള്‍ സുധാകരന്‍ കുറച്ച് ജാഗ്രത പാലിക്കണമെന്നുമായിരുന്നു ബെന്നി ബെഹനാന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ക്ഷുഭിതനായി കൊണ്ടുള്ള സുധാകരന്റെ മറുപടി.

അതേസമയം, മോന്‍സണുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് സുധാകരന്‍ ഇന്നും രംഗത്തെത്തി. മോന്‍സണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ''അങ്ങനെ ഒരു അപവാദം മോന്‍സന്‍ നടത്തുന്നുണ്ടെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകും. മോന്‍സണിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ചികിത്സാര്‍ത്ഥമാണ് അത്. വളരെ യാദൃശ്ചികമായാണ് മോന്‍സന്റെ അടുത്തെത്തിയത്. എറണാകുളത്തെ പ്രവര്‍ത്തകനാണ് എന്നെ അവിടെ എത്തിച്ചത്. ചികിത്സക്കായി അഞ്ച് തവണ പോയിട്ടുണ്ട്. എന്നാല്‍ ചികിത്സയില്‍ എനിക്ക് മാറ്റം ഇല്ലാതെ വന്നതോടെ ചികിത്സ നിര്‍ത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സ നടത്തിയെന്നതൊക്കെ വാസ്തവവിരുദ്ധമാണ്. അവിടുത്തെ ആഢംബരം കണ്ടപ്പോള്‍ അതില്‍ വീണു. ഒരു അഞ്ച് പൈസയുടെ പണമിടപാട് ഞാനുമായി നടത്തിയിട്ടില്ല. അതാണ് സത്യം. അല്ലാത്ത തരത്തില്‍ മോന്‍സന്‍ പറഞ്ഞെങ്കില്‍ നിയമനടപടിയുമായി പോകും. അയാളൊരു നല്ല കള്ളനാണെന്നത് വ്യക്തമാണ്. മോഹന്‍ലാലിനെ പോലെ പ്രസിദ്ധരായവര്‍ പോലും അവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. എത്രയോ സിനിമാ നടന്മാര്‍ അവിടെയുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥിരതാമസമാണവിടെ. ഞാന്‍ മാത്രം എന്തിന് ശങ്കിക്കണമായിരുന്നു. മോന്‍സന്റെ വീട് നഗരത്തിലാണ്. ഐപിഎസുകാരും പൊലീസുകാരും തമ്പടിക്കുന്ന സ്ഥലം. പിന്നെ എന്തിന് ജാഗ്രത പാലിക്കണം. പാതിരാത്രിക്കൊന്നും അവിടെ കയറി പോയിട്ടില്ല. ഏത് നേതാവാണോ പറഞ്ഞത് അയാള്‍ സ്വയം പരിശോധിക്കട്ടെ. ഇക്കാര്യത്തില്‍ എനിക്കൊരു ശങ്കയുമില്ല. സത്യം സത്യമായി പറയുന്നയാളാണ് ഞാന്‍.'' സുധാകരന്‍ വ്യക്തമാക്കി.

Next Story