Top

'എല്ലാം എന്റെ തള്ളായിരുന്നു, തള്ളിയാണ് ജീവിതം'; ചോദ്യം ചെയ്യലിൽ കൂളായി മോൻസന്റെ മറുപടികൾ

'അവർ മറുത്തൊന്നും പറയുന്നില്ല. തർക്കിക്കാൻ ആരും നിൽക്കാത്തതിനാൽ അങ്ങനെ മുന്നോട്ട് പോവുന്നു'

30 Sep 2021 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാം എന്റെ തള്ളായിരുന്നു, തള്ളിയാണ് ജീവിതം; ചോദ്യം ചെയ്യലിൽ കൂളായി മോൻസന്റെ മറുപടികൾ
X

പുരാവസ്തു തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനിടെ 'മിസ്റ്റർ കൂളായി' പ്രതി മോൻസൺ മാവുങ്കൽ. വൻ തട്ടിപ്പുകൾ സംബന്ധിച്ച ചോദ്യത്തിന് രസകരമായ മറപടികളാണ് മോൻസൺ നൽകിയതെന്നാണ് പുറത്തു വരുന്ന വിവരം. എന്തിനാണ് ഇത്രയും വലിയ തട്ടിപ്പുകൾ നടത്തിയതെന്ന ചോദ്യത്തിന് ഞാൻ ഇങ്ങനെ തള്ളിയാണ് ജീവിക്കുന്നത്. ആരെയും നിർബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ലെന്നാണ് മോൻസൻ മറുപടി നൽകിയത്. ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനും മോൻസൺ ഉത്തരം നൽകി.

ഞാൻ ഡോക്ടറൊന്നുമല്ല. ആരെങ്കിലും എന്നെ ഡോക്ടർ എന്ന് ചേർത്ത് വിളിച്ചാൽ ഞാനെന്തിന് തിരുത്താൻ പോവണമെന്നാണ് മോൻസന്റെ മറുചോദ്യം. ഇനി ഉന്നത ഉദ്യോ​ഗസ്ഥരെ ഉൾപ്പെടെ പുരാവസ്തുക്കളെന്ന് പറഞ്ഞ് പറ്റിച്ചതിലും മോൻസന് മറുപടിയുണ്ട്.

'ഞാൻ പറയുന്നു ഇത് മോശയുടെ അംശവടിയാണെന്ന്. അവർ മറുത്തൊന്നും പറയുന്നില്ല. തർക്കിക്കാൻ ആരും നിൽക്കാത്തതിനാൽ അങ്ങനെ മുന്നോട്ട് പോവുന്നു'. മോൻസൻ പറഞ്ഞു. ആരെയും സംസാരിച്ച് വരുതിയിലാക്കാനുള്ള മിടുക്ക് മോൻസനുണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

തന്റെ കൈവശം നയാപൈസ ഇല്ലെന്ന് മോന്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പരാതിക്കാരില്‍ നിന്നും പത്ത് കോടി രൂപ വാങ്ങിയിട്ടില്ല. നാല് കോടി രൂപ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കി. പണമെല്ലാം തന്റെ ആഢംബര ജീവിതത്തിന് വേണ്ടി ചെലവഴിച്ചതാണെന്നും മോന്‍സണ്‍ പറഞ്ഞു. ഇതെല്ലാം തന്റെ ആഢംബര ജീവിതത്തിന് വേണ്ടിയാണ് ചെലവഴിച്ചത്. വീടിന്റെ മാസവാടക ഇനത്തില്‍ അമ്പതിനായിരം രൂപയാണ് നല്‍കുന്നത്. ശരാശരി കറണ്ട് ബില്ല് 30000 രൂപയാണ്. സെക്യൂരിറ്റി ജീവനക്കാരന് ഉള്‍പ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് മാസത്തില്‍ വേണ്ടതെന്നും മോന്‍സന്‍ വിശദീകരിച്ചു.

Next Story