Top

മോന്‍സണ്‍ മറയാക്കിയത് പൊലീസിലെ ഉന്നതരുമായുള്ള ബന്ധം; തെളിവുകള്‍ പുറത്ത്

27 Sep 2021 2:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സണ്‍ മറയാക്കിയത് പൊലീസിലെ ഉന്നതരുമായുള്ള ബന്ധം; തെളിവുകള്‍ പുറത്ത്
X

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ സംരക്ഷിച്ചത് ഉന്നതരുമായുള്ള അടുപ്പമെന്ന് റിപ്പോര്‍ട്ട്. ഉന്നതരുമായുള്ള അടുപ്പം കോടികളുടെ തട്ടിപ്പ് മറയ്ക്കാനുള്ള വഴിയായാണ് മോന്‍സണ്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പൊലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്‍സണ്‍ ജോസഫ് അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണ്‍ മാവുങ്കലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്‍സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നു. ആലപ്പുഴയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരേ പലവട്ടം പലരും പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പോലീസിലെ ചില ഉന്നതരുടെ ഇടപെടലായിരുന്നു ഇതിന് കാരണം. എന്നാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ അടിയന്തരമായി നടപടിയെടുക്കാന്‍ പോലീസ് മേധാവി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു.

അതിനിടെ, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മനോജ് എബ്രഹാം, നടന്‍ മോഹന്‍ലാല്‍, നിരവധി മത നേതാക്കള്‍ എന്നിവര്‍ക്കൊപ്പം മോന്‍സന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഇവരില്‍ പലരും മോന്‍സന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെയും മോന്‍സനെതിരെ പരാതികള്‍ ഉയര്‍ന്നെങ്കിലും ഇയാള്‍ സ്വാധീനങ്ങള്‍ ഉപയോഗിച്ച് അതെല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു. പ്രമുഖ നടന്‍മാരുടെ പണ ഇടപാടുകളില്‍ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് മോന്‍സന്‍ മാവുങ്കലിനെ എറണാകുളം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വിറ്റ വിദേശ പണം ബാങ്കിലുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ നിയമ തടസ്സമുണ്ടെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടിയോളം രൂപ കൈപറ്റിയെന്നാണ് കേസ്. ഗള്‍ഫ് രാജ്യങ്ങളില്‍ പുരാവസ്തു വിറ്റ് രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയെന്നായിരുന്നു മോന്‍സന്‍ പണം വാങ്ങുന്നവര്‍ക്ക് രേഖാമൂലം കാണിച്ചത്. എന്നാല്‍ ഇവ ബാങ്കിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ രേഖയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിദേശത്ത് മോന്‍സണ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരുന്നില്ല.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മ്മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Next Story