Top

'കേരളത്തിൽ ഒന്നും നടക്കില്ല'; മോൻസനെതിരെ പരാതിപ്പെടാതെ ബാം​ഗ്ലൂരിലടക്കമുള്ള നിരവധി പേർ

ഒരു പ്രമുഖ നടനും ഇന്ത്യയിലെ തന്നെ വൻ വ്യവസായിയുമടങ്ങുന്നവരെ മോൻസൺ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു

30 Sep 2021 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിൽ ഒന്നും നടക്കില്ല; മോൻസനെതിരെ പരാതിപ്പെടാതെ ബാം​ഗ്ലൂരിലടക്കമുള്ള നിരവധി പേർ
X


പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ നടത്തിയ തട്ടിപ്പിനിരയായത് നിരവധി പേരെന്ന് പരാതിക്കാർ. മോൻസണെനിതിരെ പരാതി നൽകിയ അനൂപ് മുഹമ്മദ്, യാക്കൂബ്, ടിഎം ഷമീർ എന്നിവരാണ് റിപ്പോർട്ടർ ടിവിയോട് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രമുഖ നടനും ഇന്ത്യയിലെ തന്ന വൻ വ്യവസായിയുമടങ്ങുന്നവരെ മോൻസൺ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു. ബം​ഗ്ലൂരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.

എന്നാൽ ഇവർ പരാതി നൽകാൻ തയ്യാറാവുന്നില്ല. കേരളത്തിൽ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നാണ് ഇവർ പറയുന്നതെന്നും പരാതിക്കാർ പറഞ്ഞു.

ഞങ്ങളുടെ പരാതിയിൽ 40 കോടിയുടെ തട്ടിപ്പ് പറയുന്നുണ്ട്. പലരും പരാതി നൽകാൻ തയ്യാറല്ല. കാരണം ഇതൊരു വട വൃക്ഷമായി വളർന്നു. ഒരു പരിധി വിട്ടാൽ പിഴുതു മാറ്റാൻ കഴിയാത്ത ആളുകളുണ്ട്. ആ രീതിയിലേക്ക് ഇത് വളർന്നു.അതിനാൽ നമ്മളാരും മനക്കെട്ടിട്ട് കാര്യമില്ലെന്ന ചിന്തയുണ്ട്. ബാം​​ഗ്ലൂരിലുള്ളവരോട് പറയുമ്പോൾ കേരളത്തിലൊന്നും നടക്കില്ലെന്നാണ് പറയുന്നത്. അവരൊരുപാട് ശ്രമിച്ചതാണ്. നടന്നിട്ടില്ല. അതു കൊണ്ടായിരിക്കും അങ്ങനെ പറയുന്നത്, മോൻസണെതിരെ പരാതി നൽകിയതിലൊരാളായ ടിഎം ഷമീർ പറഞ്ഞു.

മോൻസൺ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍ വെളിപ്പെടുത്തി. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും പോലീസുകാര്‍ക്കു മുന്നിലിരുന്നു വെല്ലുവിളിച്ചുവെന്നു പരാതിക്കാരില്‍ ഒരാളായ യാക്കൂബ് റിപ്പോര്‍ട്ടര്‍ ടിവിയോടു പറഞ്ഞു. മോന്‍സനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരാത്തതിനു പിന്നില്‍ ഈ കാരണമാണെന്നും യാക്കൂബ് വ്യക്തമാക്കി. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story