Top

മോൻസൺ മാവുങ്കൽ കേസ്; ബെഹ്റയ്ക്കെതിരെ നീക്കം?

മോൻസണു വേണ്ടി ലോക്നാഥ് ബെഹറ ഇടപെട്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരവെയാണ് നീക്കം.

30 Sep 2021 1:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോൻസൺ മാവുങ്കൽ കേസ്; ബെഹ്റയ്ക്കെതിരെ നീക്കം?
X

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ അറസ്റ്റിനു പിന്നാലെ മുൻ ഡിജിപിയും നിലവിൽ കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റയ്ക്കെതിരെ സംസ്ഥാന പൊലീസിലും രാഷ്ട്രീയ തലത്തിലും നീക്കമെന്ന് സൂചന. കേസന്വേഷണം പൂർത്തിയാവുന്നതു വരെയെങ്കിലും ബെഹ്റയെ മാറ്റി നിർത്തണമെന്ന ആവശ്യം ഇടതു രാഷ്ട്രീയത്തിലെ ചില തലങ്ങളിൽ നിന്നുയർന്നിട്ടുണ്ട്. മോൻസണു വേണ്ടി ലോക്നാഥ് ബെഹറ പലതവണ ഇടപെട്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരവെയാണ് നീക്കം.

മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഡിജിപിയായിരിക്കെ ലോക്‌നാഥ് ബെഹ്‌റ സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് കത്ത് നല്‍കിയത്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകള്‍ പുറത്ത് വന്നു. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്‌സുള്‍പ്പെടെ മോന്‍സന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചത്.

മോന്‍സണ്‍ മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം ലോക്‌നാഥ് ബെഹ്‌റ ഗൗരവമായി കണ്ടില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മോന്‍സണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിര്‍ത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്‌നാഥ് ബെഹ്‌റ ഒതുക്കി. 2019ല്‍ കൊച്ചിയില്‍ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്‌റ മനോജ് എബ്രഹാമിനെയും കൂട്ടി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോന്‍സണ്‍ന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്‌റയെ അറിയിച്ചുവെന്നാണ് വിവരം.

Next Story