മോന്‍സന്റെ പുരാവസ്തുക്കളില്‍ സിനിമാ സെറ്റിലെ ഡമ്മി പീസുകളും; ആഡംബര വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റടക്കം, എല്ലാം വ്യാജം
സിനിമാ ഷൂട്ടിന് വേണ്ടി കൃത്രിമമായി നിർമ്മിച്ച പുരാവസ്തുക്കള്‍ മോണ്‍സന്റെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടെന്നാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്
1 Oct 2021 4:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. തന്റെ പക്കല്‍ നയാപൈസയില്ലെന്ന മോന്‍സന്റെ വാദം തള്ളിയ ക്രൈംബ്രാഞ്ച് മോന്‍സന്റെ അക്കൗണ്ടിലെ വിവരങ്ങള്‍ തേടി എച്ച്എസ്ബിസി ബാങ്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വിവരം കൂടി ലഭിച്ചാല്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് ക്രൈബ്രാഞ്ചിന്റെ പ്രതീക്ഷ.
മോന്സണ് ഇടപാടുകള്‍ നടത്തിയെന്ന് സംശയിക്കുന്ന സഹായികളുടെ അടക്കം ബാങ്ക് അക്കൗണ്ടുകളും ക്രൈബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ജീവനക്കാരുടെ അക്കൗണ്ട്് വഴിയാണ് മോന്സണ് ഇടപാടുകള്‍ നടത്തുന്നതെന്ന മുന്‍ ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിന് മുന്നില്‍ നിര്‍ണ്ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. വെളിപ്പെടുത്തലോടെ തനിക്ക് ജീവനില്‍ ഭയമുണ്ടെന്നും അജി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.
എച്ച്എസ്ബിസിയിലെ അക്കൗണ്ടില്‍ 2.62 ലക്ഷം കോടി രൂപ ഉണ്ടെന്ന രേഖകള്‍ മോന്സന് പരാതിക്കാര്‍ക്ക് നല്‍കിയിരുന്നു. ഈ വ്യാജരേഖകള്‍ എവിടെ സൃഷ്ടിച്ചതാണെന്നും പരിശോധിച്ചുവരികയാണ്. ലാപ്ടോപ്പ്, ഐ പാഡ് എന്നിവയുടെ പരിശോധനയ്ക്കു ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.
അതേസമയം, ശില്പ്പങ്ങള് വിറ്റ വകയില്‍ 3 കോടി രൂപയോളം ലഭിയ്ക്കാനുണ്ടെന്ന പുരാവസ്തു വില്പ്പനക്കാരന് സന്തോഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തേക്കും. സിനിമയുടെ കലാസംവിധാനത്തിന് ഡമ്മി പുരാവസ്തുക്കള്‍ നല്കുന്ന സന്തോഷില്‍ നിന്ന് സിനിമാ ലൊക്കേഷന്‍ സെറ്റിനുവേണ്ടി നിര്‍മ്മിച്ച സാധനങ്ങളാണ് പുരാവസ്തു എന്ന പേരില്‍ കാണിച്ച് മോണ്സണ് തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
സന്തോഷ് ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സിനിമാ ഷൂട്ടിന് വേണ്ടി കൃത്രിമമായി പല പുരാവസ്തുക്കളും നിര്‍മ്മിച്ചിട്ടുണ്ട് എന്നും ഈ വസ്തുക്കള്‍ മോണ്‍സന്റെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടെന്നുമാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മോന്സണ് സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഈ വസ്തക്കളാണ് മോശയുടെ അംശ വടിയെന്നും ശ്രീകൃഷ്ണന്റെ ഉറി എന്നുമെല്ലാം പറഞ്ഞ് മോന്സണ് പ്രദര്‍ശനത്തിന് വെച്ചതെവന്നും മൊഴിയില്‍ പറയുന്നു.
അതേസമയം, മോന്സന് മാവുങ്കലിന്റെ ആഡംബര വാഹനശേഖരത്തിലും വ്യാജനെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളില്‍ ഒരെണ്ണത്തിന് മാത്രമാണ് രജിസ്ട്രേഷന് ഉള്ളതെന്നും മറ്റ് വാഹനങ്ങളുടെയെല്ലാം നമ്പര്‍ പ്രേറ്റുകള്‍ വ്യാജനാണെന്നുമാണ് എംവിഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദോഡ്ജേ ഗ്രാന്റിന്റെ രജിസ്ട്രേഷന് 2019ല്‍ അവസാനിച്ചതാണ്. ഹരിയാന രജിസ്ട്രേഷന് വാഹനത്തിന് വര്‍ഷങ്ങളായി ഇന്‍ഷൂറന്‍സ് പോലുമില്ല. വരുന്നവരോടെല്ലാം മോന്സന് തലപ്പൊക്കത്തോടെ പറഞ്ഞിരുന്ന ലക്സസ് , റേഞ്ച് റോവര്‍, ടോയോട്ടാ എസ്റ്റിമ എന്നിവയുടെയൊന്നും രേഖകള്‍ പരിവാഹന്‍ വൈബ് സൈറ്റില്‍ കാണാനില്ല. വ്യാജ നമ്പര്‍ പ്ലേറ്റിലാണ് ഇവ ഉപയോഗിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.