Top

വീട്ടിലെത്തുന്ന പ്രമുഖര്‍ക്ക് മോന്‍സണ്‍ നല്‍കുന്നത് ബംഗളൂരു മാര്‍ക്കറ്റിലെ മോതിരം; ആനക്കൊമ്പും വ്യാജം

ശേഖരത്തിലെ 70 ശതമാനം വസ്തുക്കളും താന്‍ നല്കിയതാണെന്ന് സന്തോഷ്

28 Sep 2021 5:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീട്ടിലെത്തുന്ന പ്രമുഖര്‍ക്ക് മോന്‍സണ്‍ നല്‍കുന്നത് ബംഗളൂരു മാര്‍ക്കറ്റിലെ മോതിരം; ആനക്കൊമ്പും വ്യാജം
X

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കലൂര്‍ വീട്ടിലെ 70 ശതമാനം വസ്തുക്കളും താനാണ് മോന്‍സണിന് നല്കിയതെന്നാണ് സുഹൃത്ത് സന്തോഷ് വെളിപ്പെടുത്തിയത്.

വ്യാജരേഖകളും വ്യാജമായി തയ്യാറാക്കിയ പുരാവസ്തുക്കളോട് സാമ്യമുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് അതി സമര്‍ത്ഥമായാണ് മോന്‍സന്‍ ഇടപാടുകള്‍ നടത്തിയത്. അയാളുടെ കൈയിലുള്ള കൊമ്പ് ഒറിജിനല്‍ ആനക്കൊമ്പല്ലെന്നും സന്തോഷ് പറഞ്ഞു. തടിയിലോ മറ്റോ നിര്‍മിച്ച വസ്തുവാണ് ആനക്കൊമ്പാണെന്ന് പറഞ്ഞ് മോന്‍സണ്‍ തന്റെ പുരാവസ്തു ശേഖരത്തില്‍ വെച്ചിരിക്കുന്നത്.

ഉപഹാര മോതിരങ്ങളിലും വമ്പന്‍ തട്ടിപ്പുകളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. പ്രശസ്തര്‍ക്ക് മോന്‍സന്‍ നല്‍കുന്ന ഉപഹാര മോതിരങ്ങള്‍ പുരാവസ്തുക്കളല്ല. ബംഗളൂരുവില്‍ ചെറിയ വിലയ്ക്ക് കിട്ടുന്ന മോതിരങ്ങളാണിതെന്നും സന്തോഷ് വെളിപ്പെടുത്തി.

''സന്തോഷിന്റെ ശേഖരത്തിലെ 70 ശതമാനം വസ്തുക്കളും താന്‍ നല്കിയതാണ്. മോന്‍സന്‍ എന്നെയും വഞ്ചിക്കുകയായിരുന്നു. കൗതുക വസ്തുക്കള്‍ വിറ്റ വകയില്‍ 2 കോടി രൂപ മോന്‍സണ്‍ എനിക്ക് തരാനുണ്ട്. 30 ലക്ഷം രൂപ മറ്റ് ചിലരില്‍ നിന്നെല്ലാം വാങ്ങിയാണ് മോന്‍സന് ഞാന്‍ കൊടുത്തത്. മോന്‍സന്‍ വഞ്ചിച്ചതുകാരണം ഇപ്പോള്‍ മൂന്ന് കോടിയോളം രൂപയുടെ കടക്കാരനായിമാറി. കടക്കെണിയില്‍ അകപ്പെട്ടതിനാല്‍ ഒരു മാസമായി മാറി നില്‍ക്കുകയാണ്. മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തായപ്പോള്‍ ഭയന്നു ഞാന്‍ ഭയന്നുപോയി.'' മോന്‍സനെ എതിര്‍ക്കാന്‍ സാധാരണക്കാരനായ തനിക്ക് ശക്തിയില്ലായിരുന്നുവെന്നും സന്തോഷ് പറഞ്ഞു. മോന്‍സന് എതിരായ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്ന് സന്തോഷ് വ്യക്തമാക്കി.

Next Story