Top

മോന്‍സന്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; 'സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം'

മോന്‍സന് പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയെന്ന് കോടതി

5 Oct 2021 10:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍; സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം
X

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഈ മാസം 7 വരെയാണ് മോന്‍സണിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സന്‍ ഇടപാടുകള്‍ നടത്തിയത്. ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ മോന്‍സനെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടിയത്.

അതേസമയം, കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് പ്രതിഭാഗം അഭിഭാഷകനും രംഗത്തെത്തി. ഏത് അക്കൗണ്ട് വഴിയാണ് ഇടപാടെന്ന് മോന്‍സന് പണം നല്‍കിയവര്‍ക്കറിയാമെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇടപാട് കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മതി. അതിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

ഇതിനിടെ, മോന്‍സന് പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയെന്ന് കോടതി ചോദിച്ചു. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മോന്‍സണ്‍ പറയുന്നത് ആരും വിശ്വസിച്ചുപോകുമെന്നും എല്ലാ റാങ്കിലും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും മോന്‍സണിന്റെ കെണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 26 നകം സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

Next Story

Popular Stories