Top

ഓണക്കോടിക്കൊപ്പം പണം: നഗരസഭാ അധ്യക്ഷക്കെതിരെ യുഡിഎഫ് അംഗവും; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി

ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് അജിത തങ്കപ്പന്‍

19 Aug 2021 4:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണക്കോടിക്കൊപ്പം പണം: നഗരസഭാ അധ്യക്ഷക്കെതിരെ യുഡിഎഫ് അംഗവും; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി
X

എറണാകുളം തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍ പേഴ്‌സണ്‍ നല്‍കിയ ഓണസമ്മാനത്തിനൊപ്പം പതിനായിരം രൂപ നല്‍കിയ സംഭവം സ്ഥിരീകരിച്ച് യുഡിഎഫ് അംഗവും. കോണ്‍ഗ്രസ് കൗണ്‍സിലറായ വിഡി സുരേഷ് ആണ് നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെതിരെ രംഗത്ത് എത്തിയത്. കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്ന് സ്ഥിരീകരിക്കുകയാണ് യുഡിഎഫ് കൗണ്‍സിലര്‍. റിപ്പോര്‍ട്ടര്‍ ടിവിയോട് ആയിരുന്നു പ്രതികരണം.

കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാനാവശ്യമായ പണം എവിടെ നിന്നു ലഭിച്ചു എന്ന് അന്വേഷിക്കണമെന്നും വിഡി സുരേഷ് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. തനിക്ക് ലഭിച്ച സമ്മാനപ്പൊതിയിലും പണം ഉണ്ടായിരുന്നു, എന്നാല്‍ വാങ്ങിയില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.

പണം വിതരണം ചെയ്ത വിഷയം ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന് നഗര സഭയിലെ സ്വതന്ത്ര അംഗം മനൂപും പ്രതികരിച്ചു. തനിക്ക് പണം ലഭിച്ചില്ല എന്നാല്‍ പണം വിതരണം ചെയ്തിരുന്നു എന്ന് അറിഞ്ഞിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരസഭ ചെയര്‍പേഴ്‌സണ്‍ അംഗങ്ങള്‍ക്കായി വിതരണം ചെയ്ത ഓണക്കോടിയ്‌ക്കൊപ്പം പതിനായിരം രൂപയും നല്‍കിയതാണ് വിവാദം ക്ഷണിച്ച് വരുത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ പ്രത്യേകം ക്യാബിനില്‍ വിളിച്ച് വരുത്തിയാണ് സ്വകാര്യമായാണ് കവര്‍ സമ്മാനിച്ചത്. കവര്‍ തുറന്ന അംഗങ്ങള്‍ പണം കണ്ട് അമ്പരന്നു. സ്വതന്ത്രരുടെ പിന്തുണയോടെ തൃക്കാക്കരയിലെ യുഡിഎഫ് ചെയര്‍പേഴ്‌സന്‍ ആയ അജിത തങ്കപ്പനാണ് വിവാദത്തിന്റെ ഉറവിടം.

എന്നാല്‍, പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പണം തിരിച്ച് നല്‍കിയ ഈ പതിനെട്ട് അംഗങ്ങള്‍ പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കി. 43 അംഗങ്ങളാണ് തൃക്കാകരയിലുള്ളത്. ഇത്തരത്തില്‍ അംഗങ്ങള്‍ക്ക് പതിനായിരം രൂപ വച്ച നല്‍കുന്നതിന് ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും.

ഓണ സമ്മാനം ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ പണം എവിടെ നിന്ന് എത്തിയെന്ന സംശയമാണ് ഒരു വിഭാഗം കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്‌സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്.

അതേസമയം, ഓണസമ്മാനം വിവാദമായതോടെ ആരോപണങ്ങള്‍ തള്ളി നഗരസഭാധ്യക്ഷ രംഗത്തെത്തി. പതിനായിരം രൂപ നല്‍കിയിട്ടില്ലെന്നാണ് അജിത തങ്കപ്പന്റെ വാദം. അധികാരത്തില്‍ എത്തിയത് മുതല്‍ തനിക്ക് എതിരെ പലതരം ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് എന്നും അവര്‍ ആരോപിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നും അജിത തങ്കപ്പന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. കൗണ്‍സിലര്‍മാര്‍ തനിക്ക് എതിരെ കള്ളപ്പരാതി നല്‍കിയിരിക്കുകയാണ് എന്നും അജിത പറയുന്നു.

Next Story