Top

കള്ളപ്പണക്കേസ്; ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ എത്തിയതിലാണ് ചോദ്യം ചെയ്യല്‍

6 Aug 2021 1:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കള്ളപ്പണക്കേസ്; ചന്ദ്രിക ദിനപത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടറെ ഇഡി ഇന്ന് ചോദ്യം ചെയ്യും
X

സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ കള്ളപ്പണം എത്തിയെന്ന കേസില്‍ തൂടര്‍ നടപടികള്‍ ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നാലെ ദിനപ്പത്രത്തിന്റെ ഫിനാന്‍സ് ഡയറക്ടര്‍ പി എ അബ്ദുള്‍ സമീറിനെ ഇന്ന് ചോദ്യം ചെയ്യും.

ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ എത്തിയതിലാണ് ചോദ്യം ചെയ്യല്‍. പാലാരിവട്ടം പാലം അഴിമതിയിലൂടെ സമ്പാദിച്ച പണം മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞടക്കമുള്ളവര്‍ ലീഗ് മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസിലാണ് നടപടി. ആയിരം അഞ്ചൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കാലത്ത് 2016ലാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പി എ അബ്ദുള്‍ സമീര്‍ ചന്ദ്രികയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മാര്‍ക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ പത്തുകോടി രൂപ നിക്ഷേപിച്ചതാണ് കേസിന് ആധാരം. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ബിനാമിയായാണ് സമീര്‍ എന്നും ആക്ഷേപമുണ്ട്.

കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളോടും വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തങ്ങളെ ഇഡി ചോദ്യംചെയ്‌തെന്ന് ആരോപിച്ച് കെടി ജലീല്‍ എംഎല്‍എ രംഗത്ത് എത്തിയതോടെയാണ് വിഷയം വലിയ വിവാദത്തിലേക്ക് എത്തിയത്. ഹൈദരലി തങ്ങളെ മുന്‍നിര്‍ത്തി പികെ കുഞ്ഞാലിക്കുട്ടിയാണ് ഇടപാടുകള്‍ക്ക് പിന്നില്‍ എന്നായിരുന്നു കെ ടി ജലീല്‍ എംഎല്‍എയുടെ ആരോപണം.

ഇതിന് പിന്നാലെ, പാണക്കാട് കുടുംബത്തില്‍ നിന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉയരുകയും ചെയ്തു. ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലിയാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയത്. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നുമായിരുന്നു മൊയീന്‍ അലിയുടെ ആക്ഷേപം.

Next Story

Popular Stories