Top

'സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല, മുസ്ലീംലീഗില്‍ പ്രവര്‍ത്തകര്‍ മാത്രം'; പിരിച്ചുവിടലില്‍ എംകെ മുനീര്‍

ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാര്‍ട്ടിയില്‍ എല്ലാവരും പ്രവര്‍ത്തകരാണ്. സ്ത്രീ പുരുഷന്‍ എന്ന വിവേചനം ഇല്ല

9 Sep 2021 4:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല, മുസ്ലീംലീഗില്‍ പ്രവര്‍ത്തകര്‍ മാത്രം; പിരിച്ചുവിടലില്‍ എംകെ മുനീര്‍
X

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് പരാതി നല്‍കിയ ഹരിത നേതൃത്വത്തെ പിരിച്ചു വിട്ട നടപടി മുസ്ലീം ലീഗ് ഐക്യകണ്‌ഠേനയെടുത്തതെന്ന് മുസ്ലീ ലീഗ് നേതാവ് എംകെ മുനീര്‍. നടപടി അന്തിമ തീരുമാനമാണെന്നും പാര്‍ട്ടിക്ക് എല്ലാവരും പ്രവര്‍ത്തകര്‍ മാത്രമാണെന്നും അവിടെ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നും എംകെ മുനീര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'പാര്‍ട്ടി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണത്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. പാര്‍ട്ടിയില്‍ എല്ലാവരും പ്രവര്‍ത്തകരാണ്. സ്ത്രീ, പുരുഷന്‍ എന്ന വിവേചനം ഇല്ല. പൊതുസമൂഹം ഇതിനെ പലരീതിയിലും ചര്‍ച്ച ചെയ്‌തേക്കാം. എന്നാല്‍ പാര്‍ട്ടി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ്.' എംകെ മുനീര്‍ പറഞ്ഞു.

പാര്‍ട്ടി പുരുഷ കേന്ദ്രീകൃതമാണെങ്കില്‍ ഹരിത എന്ന സംഘടന പോലും ഉണ്ടാകില്ലായിരുന്നുവെന്നും എംകെ മുനീര്‍ കൂട്ടിചേര്‍ത്തു.

ഹരിതയെ പിരിച്ചുവിട്ട നടപടിയില്‍ സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തില്‍ കൂടിയാണ് മുനീറിന്റെ പ്രതികരണം. ഹരിത അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും പോരാടാന്‍ സംഘടന തങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്നും മുഫീദ തെസ്‌നി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പറഞ്ഞത്.

തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കില്‍ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്മാഭിമാനമാണ് വലുത്, അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും ഹരിത നിലപാട് വ്യക്തമാക്കി.

Next Story