Top

ഫാത്തിമ തെഹ്ലിയക്കെതിരായ നടപടിയുടെ കാരണം വ്യക്തമല്ല: എംകെ മുനീര്‍

സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം മുസ്ലീംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്

14 Sep 2021 4:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫാത്തിമ തെഹ്ലിയക്കെതിരായ നടപടിയുടെ കാരണം വ്യക്തമല്ല: എംകെ മുനീര്‍
X

എംഎസ്എസ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഫാത്തിമ തെഹ്ലിയയെ മാറ്റിയ നടപടിയുടെ കാരണം വ്യക്തമല്ലെന്ന് എംകെ മുനീര്‍ എംഎല്‍എ. നടപടി കേന്ദ്രകമ്മിറ്റിയുടേതാണെന്നും ഇതിന്റെ റിപ്പോര്‍ട്ടിംഗ് പ്രവര്‍ത്തക സമിതിയില്‍ മാത്രമെ ഉണ്ടാവുകയുള്ളൂവെന്നും എംകെ മുനീര്‍ പറഞ്ഞു.

'ഫാത്തിമ തെഹ്ലിയക്കെതിരെ നടപടിയെടുക്കാനുള്ള കാരണം വ്യക്തമല്ല. അത് കേന്ദ്രകമ്മിറ്റിയെടുത്ത തീരുമാനമാണ്. അതിനെകുറിച്ചുള്ള വിശദവിവരം അറിയില്ല. റിപ്പോര്‍ട്ടിംഗ് പ്രവര്‍ത്തക സമിതിയില്‍ മാത്രമെയുണ്ടാവുള്ളൂ. ചര്‍ച്ചയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ പ്രവര്‍ത്തക സമിതി എന്താണോ തീരുമാനം എടുക്കുന്നത് അതിനൊപ്പമായിരിക്കും എല്ലാവരും നില്‍ക്കുക.' എംകെ മുനീര്‍ കോഴിക്കോട് മാധ്യമങ്ങളോട് വിശദീകരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം മുസ്ലീംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്. ഹരിതയെ പിരിച്ചുവിട്ടതും തുടര്‍ന്ന് പുതിയ കമ്മറ്റി രൂപികരിച്ചതും കൂടിയാലോചനകള്‍ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന.

നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നതും ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ മുഴുവന്‍ പേരേയും മാറ്റി നിര്‍ത്തി ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം, നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനും മലപ്പുറം ജില്ലാ നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്ത മുന്‍ ഹരിത നേതാക്കള്‍ക്ക് പരസ്യമായ പിന്തുണയാണ് ഫാത്തിമ തഹ്ലിയ നല്‍കിയിരുന്നത്. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തഹ്ലിയ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കേണ്ടത് ഈ രീതിയിലാണൊയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു.

Next Story