Top

വനിതാ കമ്മീഷന്‍ അമിതാവേശം കാട്ടി; എംഎസ്എഫ് ഭാഷയോട് യോജിപ്പില്ലെന്നും എംകെ മുനീര്‍

എല്ലാവരുടേയും ഇരയായി മുസ്ലീം ലീഗ് മാറിയെന്നും എംകെ മുനീര്‍

18 Aug 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വനിതാ കമ്മീഷന്‍ അമിതാവേശം കാട്ടി; എംഎസ്എഫ് ഭാഷയോട് യോജിപ്പില്ലെന്നും എംകെ മുനീര്‍
X

എംഎസ്എഫ് നേതാവിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഹരിതക്കെതിരെയുള്ള നടപടിയില്‍ വിശദീകരണവുമായി എംകെ മുനീര്‍. നേതൃത്വത്തിന്റെ തീരുമാനം ചര്‍ച്ചകളുടെ വാതിലുകള്‍ അടക്കുന്നതല്ലെന്നും സിപിഐഎമ്മിന വിളയാടാന്‍ ആരേയും വിട്ടുകൊടുക്കില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.


'നേതൃത്വം എടുത്തിട്ടുള്ള തീരുമാനം ചര്‍ച്ചകളുടെ വാതിലുകള്‍ അടക്കുന്നതല്ല. ഇന്നലെവരെ എല്ലാവരും പറഞ്ഞത് ഹരിതയെ പിരിച്ചുവിടും എന്നുള്ളതാണ്. പക്ഷെ ഹരിതയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചതാണ്. വീണ്ടും തുറക്കാന്‍ ഏത് സമയത്തും സാധിക്കും.' എംകെ മുനീര്‍ പറഞ്ഞു.

എംഎസ്എഫിന്റെ നേതൃത്വം പ്രയോഗിച്ച ഭാഷയോട് നേതൃത്വം യോജിക്കുന്നില്ലെന്ന കാരണത്താലാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്, മറുപടി കിട്ടിയിട്ട് തൃപ്തികരമല്ലെങ്കില്‍ അതിന്റെ മുകളിലേക്ക് നടപടി പോകുമെന്നും എംകെ മുനീര്‍ വ്യക്തമാക്കി.

'പാര്‍ട്ടിക്ക് സന്ദുലിതമായിട്ട് മാത്രമെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഹരിതയുടെ കാര്യത്തില്‍ ഉണ്ടായത് ഹരിത കുറച്ചുകൂടി ചര്‍ച്ചക്ക് നിന്നുകൊടുക്കേണ്ടിയിരുന്നു. ശത്രുക്കള്‍ക്ക് നമ്മള്‍ ഒന്നും എറിഞ്ഞ് കൊടുക്കരുത്. എംഎസ്എഫ് ഭാഷകള്‍ പ്രോയോഗിക്കുമ്പോള്‍ ശത്രുക്കള്‍ക്കാണ് ഗുണം കിട്ടുക.' എംകെ മുനീര്‍ അഭിപ്രായപ്പെട്ടു.

വിഷയത്തില്‍ വനിതാ കമ്മീഷന്‍ പരാതി ലഭിച്ച് അടുത്ത ദിവസം തന്നെ കേസെടുത്ത അനുഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും അവരും ഇതിനകത്ത് അമിത താല്‍പര്യം കാണിച്ചെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരുടേയും ഇരയായി മുസ്ലീം ലീഗ് മാറിയെന്നും എംകെ മുനീര്‍ പറഞ്ഞു.


Next Story