'ഡിജിപി ആയിരിക്കെ വഴിവിട്ട ഇടപാട്'; ബെഹ്റയ്ക്കെതിരെ ഇന്റലിജന്‍സ് അന്വേഷണം
പൊലീസ് ആസ്ഥാനത്തെ ഫാഷന്‍ ഫോട്ടോ ഷൂട്ടിലും അന്വേഷണം നടത്താനാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ തീരുമാനം.
4 Oct 2021 9:34 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ ഡിജിപിയും കേരള മെട്രോ റെയില്‍ ലിമിറ്റഡ് എം ഡിയുമായ ലോക്നാഥ് ബെഹ്റയ്ക്കെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജന്‍സ്. പൊലീസ് മേധാവിയായിരിക്കെ വഴിവിട്ട ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തട്ടിപ്പ് കേസ് പ്രതിയായ മോന്സണ് മാവുങ്കലിന് പുറമേ നിരവധി തട്ടിപ്പുകാരുമായി ബന്ധം പുലര്‍ത്തിയതായാണ് ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം.
അതേസമയം പൊലീസ് ആസ്ഥാനത്തെ ഫാഷന്‍ ഫോട്ടോ ഷൂട്ടിലും അന്വേഷണം നടത്താനാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ തീരുമാനം. വഴിവിട്ട ഇടപാടുകള്‍ക്കായി പൊലീസ് യൂണിഫോം ഉള്‍പ്പടെ ദുരുപയോഗം ചെയ്തു. ഫോട്ടോ ഷൂട്ട് നടത്തിയത് സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഐ ടി ഫെലോ അരുണ്‍ ബാലചന്ദ്രന്റെ സ്ഥാപനത്തിന് വേണ്ടിയാണെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പുരാവസ്തു തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്സന് മാവുങ്കലിന് വേണ്ടി ലോക്നാഥ് ബെഹറ പലതവണ ഇടപെട്ടെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. മോന്സണ് മാവുങ്കല്‍ വിവാദത്തില്‍ ആദ്യം മുതല്‍ പ്രതിക്കൂട്ടിലായിരുന്നു ലോക്നാഥ് ബെഹ്റ. മോന്‍സന്റെ വീടുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഡിജിപിയായിരിക്കെ ലോക്നാഥ് ബെഹ്റയാണ് സുരക്ഷയൊരുക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്. 2019 ല്‍ ജൂണിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സുരക്ഷയൊരുക്കാന്‍ നിര്‍ദേശിച്ച് ഡിജിപി അയച്ച കത്തുകളുടെ പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. മോന്സണ് മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേര്‍ത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേര്‍ത്തല പൊലീസിന്റെ ബീറ്റ് ബോക്സുള്‍പ്പെടെ മോന്‍സന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചത്.
മോന്സണ് മാവുങ്കലിന് എതിരെ അന്വേഷണം വേണമെന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദേശം ലോക്നാഥ് ബെഹ്റ ഗൗരവമായി കണ്ടില്ലെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മോന്‍സണിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം എതിര്‍ത്ത ലക്ഷമണയ്ക്ക് എതിരെയുള്ള നടപടിയും ലോക്നാഥ് ബെഹ്റ ഒതുക്കി. 2019ല്‍ കൊച്ചിയില്‍ നടന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബെഹ്റ മനോജ് എബ്രഹാമിനെയും കൂട്ടി മോന്സണ് മാവുങ്കലിന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ മോന്‍സണിന്റെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മനോജ് എബ്രഹാം മോന്‍സണ്‍ന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അന്വേഷണം അനിവാര്യമാണെന്ന് ബെഹ്റയെ അറിയിച്ചുവെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.