Top

പ്രധാനമന്ത്രിക്കായി ദുആ; മോദിയുടെ പിറന്നാള്‍ ആഘോഷമാക്കി ന്യൂനപക്ഷ മോര്‍ച്ച

പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രാര്‍ഥനായോഗം സംഘടിപ്പിച്ചു.

17 Sep 2021 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രിക്കായി ദുആ; മോദിയുടെ പിറന്നാള്‍ ആഘോഷമാക്കി ന്യൂനപക്ഷ മോര്‍ച്ച
X

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷമാക്കി ന്യൂനപക്ഷ മോര്‍ച്ച. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി മലപ്പുറം, കോഴിക്കോട്, കൊച്ചി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മിറ്റികള്‍ ദുആ സമ്മേളനം നടത്തി. ക്രിസ്ത്യന്‍ മത വിശ്വാസികള്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു.

ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങ് ജില്ലാ അധ്യക്ഷന്‍ രവി തേലത്ത് ഉദ്ഘാടനം ചെയ്തു. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയില്‍ പച്ച പട്ട് അര്‍പ്പിച്ച് ന്യൂനപക്ഷ മോര്‍ച്ച പ്രാര്‍ഥനകള്‍ നേര്‍ന്നു.

ബിജെപി പുതുപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ 71 മെഴുകുതിരികള്‍ കത്തിച്ചു. നിലമ്പൂരിലും പ്രത്യേക പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു. നിലമ്പൂര്‍ സെന്റ് ജോസഫ് പള്ളിയില്‍വെച്ചായിരുന്നു പ്രാര്‍ത്ഥന.

മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലും രാവിലെ 71 മെഴുകുതിരികള്‍ കത്തിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ടി എ ഹരികൃഷ്ണന്‍ എന്നിവര്‍ പ്രാർത്ഥനയില്‍ പങ്കെടുത്തു

ന്യൂനപക്ഷ മോര്‍ച്ച വൈക്കം നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ വി കൊച്ചുത്രേസ്യയുടെ കല്ലറ കുരിശുപള്ളി കപ്പേളയില്‍ 71 മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു. മഹിളാ മോര്‍ച്ച പ്രവര്‍ത്തക ഷീലാ വി ജയിംസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.

വൈക്കം മണ്ഡലം ന്യൂനപക്ഷ മോര്‍ച്ച അദ്ധ്യഷന്‍ ജോയി കല്പകശ്ശേരി. മണ്ഡലം സെക്രട്ടറി പി എന്‍ പ്രതാപന്‍, ബിജെപി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് പി എം അശോകന്‍, സെക്രട്ടറി പ്രജീഷ് കുമാര്‍ എന്നിവർ പങ്കെടുത്തു.തിരുവനന്തപുരത്ത് വിവിധ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ നടക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

Next Story