Top

20 ഊണ് ജനകീയ ഹോട്ടലുകള്‍ ഹിറ്റാകുന്നു; വ്യാജപ്രചരണം കൊണ്ട് തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വാസവന്‍

ഭക്ഷണം പൊതിയുന്നത് വളരെ ശ്രദ്ധിച്ചും വൃത്തിയോടെയുമാണ്.

7 Oct 2021 10:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20 ഊണ് ജനകീയ ഹോട്ടലുകള്‍ ഹിറ്റാകുന്നു; വ്യാജപ്രചരണം കൊണ്ട് തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വാസവന്‍
X

20 ഊണ് ജനകീയ ഹോട്ടലുകളെ വ്യാജ പ്രചാരണം കൊണ്ട് തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍. പുലര്‍ച്ചെ മുതല്‍ കുടുംബശ്രീ അംഗങ്ങള്‍ പണിയെടുത്താണ് ഉച്ചയ്ക്ക് മുമ്പ് ഊണ് വിതരണം ചെയ്യാന്‍ തയ്യാറാക്കുന്നത്. സന്ധ്യവരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇവിടുന്നുള്ള വരുമാനത്തില്‍ ഈ കുടുംബങ്ങള്‍ പുലരുന്നതിനൊപ്പം വളരെ കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ഭക്ഷണം കഴിക്കാനും കഴിയും. ഇതൊരു വലിയ മാതൃകയാണെന്നും വാസവന്‍ പറഞ്ഞു.

മന്ത്രി വാസവന്‍ പറഞ്ഞത്: ഇന്ന് തിരുവനന്തപുരത്ത് ഗവണ്‍മെന്റ് എസ്എംവി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടല്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്കുള്ള ഊണിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് ഉച്ചയോടെ ജനകീയ ഹോട്ടലില്‍ എത്തിയത്. ഭക്ഷണം വിതരണം ചെയ്യുന്നിടത്ത് എത്തിയപ്പോള്‍ തന്നെ സാമാന്യം ഭേദപ്പെട്ട ക്യൂ കാണാമായിരുന്നു. സാധാരണക്കാരാണ് ക്യൂവിലുണ്ടായിരുന്നത്. തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചെറുപ്പക്കാരുമൊക്കെയുണ്ട്. നേരത്തെ സ്‌കൂളിന് എതിര്‍വശത്തെ കെട്ടിടത്തിലായിരുന്നു. അവിടെ പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ അധികൃതര്‍ അനുവദിച്ച കെട്ടിടത്തിലേയ്ക്ക് മാറിയതെന്നാണ് നടത്തിപ്പുകാര്‍ പറഞ്ഞത്.

ഭക്ഷണം പൊതിയുന്നത് വളരെ ശ്രദ്ധിച്ചും വൃത്തിയോടെയുമാണ്. കറികള്‍ എല്ലാ പൊതികളിലും ഉറപ്പു വരുത്തുന്നു. വളരെ വൃത്തിയോടെയാണ് അടുക്കളയും സജ്ജീകരിച്ചിരിക്കുന്നത്. അച്ചാര്‍ അടക്കം മൂന്നു കൂട്ടം കറികളും സാമ്പാറും മീന്‍കറിയുമായാണ് 20 രൂപയ്ക്കുള്ള പൊതിച്ചോറിലുള്ളത്. അവിടെ ഇരുന്ന് കഴിക്കാന്‍ സൗകര്യമില്ലാത്തത് കൊണ്ട് ഔദ്യോഗിക വസതിയായ ഗംഗയിലെത്തിയാണ് കഴിച്ചത്. രുചിയെ കുറിച്ച് പറയാതെ വയ്യ. കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യം ഊണിലറിയാം. പുലര്‍ച്ചെ മുതല്‍ കുടുംബശ്രീ അംഗങ്ങള്‍ പണിയെടുത്താണ് ഉച്ചയ്ക്ക് മുമ്പ് ഊണ് വിതരണം ചെയ്യാന്‍ തയ്യാറാക്കുന്നത്. സന്ധ്യവരെ ഈ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇവിടുന്നുള്ള വരുമാനത്തില്‍ ഈ കുടുംബങ്ങള്‍ പുലരുന്നതിനൊപ്പം വളരെ കുറഞ്ഞ ചെലവില്‍ സാധാരണക്കാരന് ഭക്ഷണം കഴിക്കാനും കഴിയും. ഇതൊരു വലിയ മാതൃകയാണ്. വ്യാജ പ്രചാരണം കൊണ്ട് തകര്‍ക്കാന്‍ കഴിയാത്ത മാതൃക.

Next Story