Top

ഇഡി വേണ്ട, കേരളത്തില്‍ സംവിധാനമുണ്ട്; ജലീലിനെ കൈവിട്ട് സഹകരണ മന്ത്രിയും

8 Sep 2021 6:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡി വേണ്ട, കേരളത്തില്‍ സംവിധാനമുണ്ട്; ജലീലിനെ കൈവിട്ട് സഹകരണ മന്ത്രിയും
X

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാന്‍ ഉയര്‍ത്തിയ സഹകരണ ബാങ്ക് വിവാദത്തില്‍ കെടി ജലീലിനെ തള്ളി സഹകരണ മന്ത്രി വിഎന്‍ വാസവന്‍. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണ്. അതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നും സഹകരണമന്ത്രി വ്യക്തമാക്കുന്നു.

എആര്‍ നഗര്‍ ബാങ്ക് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് കിട്ടിയിട്ടില്ല. ഇന്‍കം ടാക്‌സ് റിപ്പോര്‍ട്ടാണ് ജലീല്‍ പരസ്യപ്പെടുത്തിയത്. ജലീല്‍ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു. കെ ടി ജലീല്‍ ഉയര്‍ക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ, സര്‍ക്കാറിന് പറയാന്‍ ഉള്ളതെല്ലാം മുഖ്യമന്ത്രി ഇന്നലെ പറഞ്ഞുകഴിഞ്ഞു എന്നും സഹകരണമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് ഏത് തരത്തിലുള്ള പരാതി കിട്ടിയാലും അന്വേഷിക്കും. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെടി ജലീല്‍ കൂടുതല്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

Next Story