Top

വിനുവിന്റെ ഖേദപ്രകടനം; ശിവന്‍കുട്ടിയുടെ പ്രതികരണം

ഖേദപ്രകടനത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ശിവന്‍കുട്ടി പ്രതികരിച്ചത്.

27 Sep 2021 9:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിനുവിന്റെ ഖേദപ്രകടനം; ശിവന്‍കുട്ടിയുടെ പ്രതികരണം
X

നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ ഖേദം പ്രകടിപ്പിച്ചതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. വൈകി വന്ന വിവേകം എന്നാണ് വിനുവിന്റെ ഖേദപ്രകടനത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് ശിവന്‍കുട്ടി പ്രതികരിച്ചത്.

ചര്‍ച്ചയില്‍ താന്‍ നടത്തിയ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുയെന്നാണ് ഇന്നലെ വിനു പറഞ്ഞത്.

വിനു വി ജോണ്‍ പറഞ്ഞത്: ''നിയമസഭാ അംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് എനിക്ക് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ശ്രീ ബിആര്‍പി ഭാസ്‌ക്കര്‍ എന്നോട് പറഞ്ഞു. ആ ചര്‍ച്ചയിലെ ആശയങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. ചില ജനപ്രതിനിധികളും എന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.''

കഴിഞ്ഞദിവസമാണ് വിനു വി ജോണ്‍ ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് ശിവന്‍കുട്ടി ഇന്ന് പറഞ്ഞത്. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ജനപ്രതിനിധികള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

ശിവന്‍കുട്ടി പറഞ്ഞത്: ''ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ട.''

''ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തില്‍ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേല്‍ കരിവാരി തേക്കുന്ന ഏര്‍പ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാനാവില്ല.'' അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമും വിനുവിനെതിരെ രംഗത്ത് വന്നിരുന്നു.

''ഒന്നാമതെത്താന്‍ എന്ത് നെറികേടും കാണിച്ചു കൂട്ടും. ഇതിനു പുറമെയാണ് അതിരുകടന്ന ഇടത് വിരോധവും. 'നിയമസഭയിലെ തെമ്മാടികള്‍'എന്നായിരുന്നു ഇന്നലത്തെ ഏഷ്യാനെറ്റ് രാത്രിചര്‍ച്ചയിലെ തലക്കെട്ട് തന്നെ. വിയോചിക്കാന്‍, വിമര്‍ശിക്കാന്‍ നല്ലവാക്കുകള്‍ക്ക് ഇവര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ?? സഭയില്‍ എത്തുന്നത്, ജനങ്ങള്‍ വിജയിപ്പിച്ചിട്ടാണ്. പതിറ്റാണ്ടുകള്‍ നീണ്ട പൊതു പ്രവര്‍ത്തനം നടത്തുന്നവര്‍ കടന്നു വന്ന ത്യാഗ നിര്‍ഭരമായ വഴികളുണ്ട്.അതൊക്കെ റദ്ദാക്കാന്‍ ഒരു അവതാരകന്‍ വിചാരിച്ചാല്‍ കഴിയില്ല.''

''ഒരാള്‍ ഒരാളെ 'വഷളന്‍' എന്ന് വിളിക്കുമ്പോള്‍ വഷളാവുന്നത് വിളിക്കുന്നവര്‍ തന്നെയാണ്. ഓട് പൊളിച്ചല്ല, ജനം വോട്ട് ചെയ്താണ് സഖാവ് ശിവന്‍കുട്ടി അടക്കമുള്ളവര്‍ നിയമസഭയില്‍ എത്തിയത്. ഒരിക്കല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ദ്വയാര്‍ത്ഥ സ്വരത്തില്‍ ഈ അവതാരകന്‍ സംസാരിക്കുന്നത് കേട്ടു. കെ ടി ജലീലിനെ അല്പനെന്നു അധിക്ഷേപിക്കുന്നതും കേള്‍ക്കാനിടയായി. വീണ ജോര്‍ജിനെ വൈരാഗ്യത്തോടെ നിരവധി തവണ വേട്ടയാടുന്നതും കണ്ടു.ഇവരൊക്കെ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്നല്ല. മാന്യമായ ഭാഷ പ്രയോഗിക്കണം. അറിഞ്ഞോ അറിയാതെയോ ഏഷ്യാനെറ്റിന് മുന്നില്‍ പെട്ടുപോയ പ്രേക്ഷകരോട് മാന്യത കാട്ടണം. ഇന്നലത്തെ ഏഷ്യാനെറ്റ് 'ന്യൂസ് അവര്‍ ഷോ' വിവിധ കാരണങ്ങളാല്‍, നീതീകരിക്കാനാകാത്ത മാധ്യമ ശൈലിയായിരുന്നു. തികച്ചും ഏകപക്ഷീയമായ പാനല്‍,തരംതാണ ഭാഷാപ്രയോഗങ്ങള്‍.. ഈ മാധ്യമ കോടതികളുടെ അന്തിചര്‍ച്ചകള്‍ക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. ജനം തോല്‍പ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണ്.''റഹീം പറഞ്ഞു.

Next Story