Top

'കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മനസ്സുള്ള മാടമ്പി': പുറത്ത് വന്നത് കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പാപ്പരത്തമെന്ന് മന്ത്രി വി ശിവന്‍കുട്ടി

മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല

29 Aug 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മനസ്സുള്ള മാടമ്പി: പുറത്ത് വന്നത് കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പാപ്പരത്തമെന്ന് മന്ത്രി വി ശിവന്‍കുട്ടി
X

കോണ്‍ഗ്രസ് എം പി കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മനസ്സുള്ള മാടമ്പിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടിയുടെ രൂക്ഷ വിമര്‍ശനം. പരാമര്‍ശം വിവാദമായിട്ടും അതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന നിലപാടില്‍ ആണ് കൊടിക്കുന്നില്‍ സുരേഷ് എന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക പാപ്പരത്തം ആണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

തികച്ചും സ്ത്രീവിരുദ്ധമാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. സ്ത്രീകള്‍ക്ക് സ്വാതന്ത്രമായ നിലനില്‍പ്പുണ്ടെന്ന് ആധുനിക യുഗത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ പോലുള്ളവര്‍ക്ക് ആരാണ് പറഞ്ഞു മനസിലാക്കി കൊടുക്കുക . സ്വന്തം ജീവിതത്തിലും വീട്ടിലും കൊടിക്കുന്നില്‍ സുരേഷ് ഇതേ ആശയമാണോ പിന്തുടരുന്നത്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം അംഗീകരിക്കുന്നുണ്ടോ എന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

Next Story