Top

'ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍, വിധിക്കാനും വിചാരണ നടത്താനും ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ട'; മാധ്യമങ്ങള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി

കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാനാവില്ല

26 Sep 2021 8:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍, വിധിക്കാനും വിചാരണ നടത്താനും ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ട; മാധ്യമങ്ങള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി
X

ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ജനപ്രതിനിധികള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി പറഞ്ഞത്: ''ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികള്‍ ഉണ്ട്. അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ട.''

''ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തില്‍ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേല്‍ കരിവാരി തേക്കുന്ന ഏര്‍പ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ ഫോണില്‍ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം, കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാനാവില്ല.'' അത് കാലം തെളിയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.

ടെറുമോ പെന്‍പോള്‍ എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു 18 മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശം കവരുന്നതാണെന്ന് വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവത് ചെയ്യാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story