Top

പത്താംക്ലാസ് ജയിക്കാത്ത ആള്‍ വിദ്യാഭ്യാസമന്ത്രിയെന്ന ബിജെപി പ്രചരണം; മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി

ചൂടന്‍ ശിവന്‍കുട്ടിയെന്ന വിശേഷണത്തിനും മറുപടി

8 Aug 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പത്താംക്ലാസ് ജയിക്കാത്ത ആള്‍ വിദ്യാഭ്യാസമന്ത്രിയെന്ന ബിജെപി പ്രചരണം; മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി
X

വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയുമായി വി ശിവന്‍കുട്ടി. പത്താംക്ലാസ് പോലും വിജയിക്കാത്ത ആളെന്ന പ്രചരണത്തിന് പിന്നില്‍ ബിജെപിക്കാരാണെന്നും പരാമര്‍ശങ്ങള്‍ വേദന സൃഷ്ടിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. പച്ചക്കള്ളം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതിനെ രാഷ്ട്രീയമായി കാണുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാനില്ലെന്നും മന്ത്രി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ശിവന്‍കുട്ടി പറഞ്ഞത്: ''പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കി. ബിജെപിക്കാര്‍ ബോധപൂര്‍വം നടത്തിയ പ്രചാരണമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയാറായി. ഞാന്‍ വിദ്യാര്‍ഥി ജീവിത കാലം മുതല്‍ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ആളാണ്. പച്ചക്കള്ളം സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. അതിനെ രാഷ്ട്രീയമായി കാണുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാനില്ല. ഇപ്പോള്‍തന്നെ പ്ലസ്ടു ഫലം വന്നപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളി വരെ പ്ലസ് ടു ജയിച്ചെന്ന് ട്രോള്‍ ഇറക്കി. അത് കുട്ടികളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകാം. തമാശ നല്ലതാണ്. പക്ഷേ വ്യക്തിപരമായി ഓരോരുത്തരെ പ്രയാസപ്പെടുത്തുമ്പോഴാണ് അതു മനസിലാകുക.''

ചൂടന്‍ ശിവന്‍കുട്ടിയെന്ന വിശേഷണത്തിനും മന്ത്രി മറുപടി നല്‍കി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി മത്സരിക്കുമ്പോള്‍ ഒരു ബഹളക്കാരന്റെ എല്ലാം പരിവേഷം തനിക്കുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

''ഓരോ ഘട്ടത്തിലും ഓരോ രീതിയല്ലേ. ടി. ശരത് ചന്ദ്രപ്രസാദിനെതിരെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി മത്സരിക്കുമ്പോള്‍ ഒരു ബഹളക്കാരന്റെ എല്ലാം പരിവേഷം എനിക്കുണ്ടായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ എസ്എഫ്‌ഐയില്‍നിന്നു മാറി ഒരു പഞ്ചായത്തിന്റെ ചുമതലക്കാരനാകുന്ന മാറ്റം ഉണ്ടായി. പിന്നീട് തിരുവനന്തപുരം മേയറും എംഎല്‍എയും എല്ലാമായി. ഇതെല്ലാം ഓരോ രീതിയില്‍ ഉള്ള ഉത്തരവാദമോ വ്യത്യാസമോ നല്‍കിയിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും ഇത് ഉണ്ടാകുന്നതാണ്. മന്ത്രിയാകുമ്പോള്‍ കുറച്ചു കൂടി കാര്യങ്ങള്‍ ശ്രദ്ധിച്ചു ചെയ്യണമെന്ന ശൈലിയിലേക്കു മാറി എന്നതു ശരിയാണ്. പ്രായം കൂടി വരുമ്പോള്‍ മാറ്റങ്ങള്‍ സ്വാഭാവികമാണ്.''-ശിവന്‍കുട്ടി പറഞ്ഞു.

Next Story