Top

കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് മന്ത്രി ശിവന്‍കുട്ടി; 'നേതാക്കള്‍ക്ക് ബിജെപിയിലേക്ക് ചേക്കേറാന്‍ മടിയില്ല'

ബിജെപിയ്ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

30 Aug 2021 11:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് മന്ത്രി ശിവന്‍കുട്ടി; നേതാക്കള്‍ക്ക് ബിജെപിയിലേക്ക് ചേക്കേറാന്‍ മടിയില്ല
X

വര്‍ഗീയതയോട് സന്ധി ചെയ്യുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന് മന്ത്രി വി ശിവന്‍കുട്ടി. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബിജെപിയിലേക്ക് യാതൊരു മടിയും കൂടാതെ ചേക്കേറാന്‍ കഴിയുന്നതെന്നും കോണ്‍ഗ്രസ് ചീട്ടുകൊട്ടാരം പോലെ തകരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിന്റേയും മിഥിലാജിന്റേയും രക്തസാക്ഷിത്വദിനത്തില്‍ വെഞ്ഞാറമൂട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ചരിത്രം പോലും തിരുത്തിയെഴുതുന്ന ബിജെപിയ്ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിന്ന് മഹാത്മാ ഗാന്ധിയെ പുറത്താക്കുന്ന കാലം വിദൂരമല്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോണ്‍ഗ്രസ് ഗുണ്ടകള്‍ ഇല്ലാതാക്കിയത് തിരുവോണത്തലേന്ന് ആയിരുന്നു. ആട്ടിന്‍തോലിട്ട ചെന്നായകള്‍ ആണ് തങ്ങളെന്ന് കോണ്‍ഗ്രസുകാര്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു.

മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍, മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, എംഎല്‍എ ഡി കെ മുരളി, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, കേന്ദ്ര കമ്മിറ്റി അംഗം വികെ സനോജ്, ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story