Top

ഉപരിപഠന യോഗ്യതയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റുകള്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി

സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി

23 Sep 2021 11:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉപരിപഠന യോഗ്യതയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റുകള്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി
X

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐഎഎസും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ച് ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 13ന് പ്രസിദ്ധീകരിച്ച് ഓപ്ഷനുകള്‍ ഉള്‍പ്പെടെ തിരുത്തലുകള്‍ വരുത്തുന്നതിന് സെപ്റ്റംബര്‍ 17 ന് വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകള്‍ ആദ്യ അലോട്ട്‌മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളില്‍ 2,18,418 അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് നല്‍കി.

ഒന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബര്‍ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബര്‍ ഒന്നിനും പൂര്‍ത്തീകരിച്ച് രണ്ടാമത്തെ അലോട്ട്‌മെന്റ് ഒക്ടോബര്‍ 7 നു പ്രസിദ്ധീകരിക്കും.

20% മാര്‍ജിനല്‍ വര്‍ധനവിലൂടെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ട സീറ്റുകള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടര്‍നടപടി തീരുമാനിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Next Story