Top

സാന്ത്വന വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ശിവന്‍കുട്ടി

'സമഗ്ര ശിക്ഷാ കേരളം നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കണം'

31 Aug 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാന്ത്വന വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ശിവന്‍കുട്ടി
X

സമഗ്ര ശിക്ഷാ കേരളയുടെ ഇടപെടല്‍ മേഖലകള്‍ സാന്ത്വന വിദ്യാഭ്യാസം ആയി കാണണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാന്ത്വന വിദ്യാഭ്യാസം ലഭിക്കാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ സമഗ്ര ശിക്ഷാ കേരളം നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കണം. കോവിഡ് കാലം ഏറ്റവും കൂടുതല്‍ അരക്ഷിതത്വം സൃഷ്ടിച്ചത് ഭിന്നശേഷി, ഗോത്രവര്‍ഗ മേഖലകളിലാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് ശരിയായ വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു.

ഭിന്നശേഷി കുട്ടികള്‍ക്കും ഗോത്രവിഭാഗം കുട്ടികള്‍ക്ക് വിദ്യാഭ്യാസം പ്രാപ്തമാക്കുന്നതിന് സമഗ്ര ശിക്ഷ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന ജില്ലാ തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ആദിവാസി ഗോത്ര മേഖലയിലും പഠനപോഷണ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

2021 -22ല്‍ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ കൈപുസ്തകത്തിന്റെ പ്രകാശനവും ഭിന്നശേഷി കുട്ടികളുടെ പഠനത്തിനായി തയ്യാറാക്കിയ ടോക്കിംഗ് ടെക്സ്റ്റ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന വീട് ഒരു വിദ്യാലയം, അതിജീവനം പദ്ധതി,വായനാ വസന്തം പരിപാടി, ടിങ്കറിംഗ് ലാബ്,പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, ഊരുവിദ്യാലയങ്ങള്‍ തുടങ്ങിയ പരിപാടികളെക്കുറിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ പി കുട്ടികൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഷിബു ആര്‍എസ്, ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍മാര്‍, സംസ്ഥാനതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story