Top

'ഞാന്‍ ചെയ്തത് കൊണ്ട് അത് വലിയ സംഭവമല്ല; വേദനിപ്പിച്ചത് മറ്റൊന്ന്'; അനുഭവം പങ്കുവച്ച് റോഷി അഗസ്റ്റിന്‍

കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തിൽ ഒരു സൈക്കിൾ യാത്രക്കാരൻ അപകടത്തിൽ പെട്ടു കിടക്കുന്നത് കണ്ടത്.

21 Sep 2021 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ ചെയ്തത് കൊണ്ട് അത് വലിയ സംഭവമല്ല; വേദനിപ്പിച്ചത് മറ്റൊന്ന്; അനുഭവം പങ്കുവച്ച് റോഷി അഗസ്റ്റിന്‍
X

റോഡപകടത്തില്‍പ്പെട്ട സൈക്കിള്‍ യാത്രികന് സഹായവുമായി ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലം കൂരിപ്പുഴ പാലത്തില്‍ അപകടത്തില്‍പ്പെട്ട് 20 മിനിറ്റോളം സഹായം ലഭിക്കാതെ റോഡരികില്‍ കിടന്ന വ്യക്തിക്കാണ് മന്ത്രിയുടെ ഇടപെടലില്‍ ചികിത്സാ സഹായവും ലഭ്യമായത്. അപകടസ്ഥലത്തില്‍പ്പെട്ടയാളെ സഹായിക്കാന്‍ മറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ തയ്യാറാകാതിരുന്നപ്പോഴാണ് മന്ത്രിയുടെ ഇടപ്പെടല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തന്നെ വിവരം പങ്കുവെച്ചത്. താന്‍ ചെയ്തത് മന്ത്രി എന്ന നിലയിലല്ല. ഒരു സാധാരണ പൗരന്റെ കടമയാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

യാത്രക്കിടയില്‍ അപകടം ശ്രദ്ധയില്‍പ്പെട്ട മന്ത്രി അവിടെ ഇറങ്ങുകയും പരുക്കേറ്റ ആള്‍ക്ക് വെള്ളം നല്‍കുകയും ചെയ്തിരുന്നു. ഇതോടെ അപകടത്തില്‍പ്പെട്ട ആളിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി. പിന്നീട് മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അടിയന്തരമായി തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നതിനാല്‍ ആശുപത്രിയിലേക്ക് പോകാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ്‌ഐ വിളിച്ച് അദ്ദേഹത്തെ അറിയിച്ചെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

ഇന്നലെ കൊല്ലത്ത് രണ്ടു ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയാണ് കുരീപ്പുഴ പാലത്തിൽ ഒരു സൈക്കിൾ യാത്രക്കാരൻ അപകടത്തിൽ പെട്ടു കിടക്കുന്നത് കണ്ടത്. തൊട്ടു മുന്നിൽ വണ്ടികൾ കടന്നു പോകുന്നുണ്ടായിരുന്നു എങ്കിലും ആരും നിർത്തി കണ്ടില്ല. ഉടൻ അവിടെ ഇറങ്ങി. പൈലറ്റ് വാഹനത്തിലെ പോലീസുകാരും എത്തി. ഇതിനിടെ എൻ്റെ വാഹനത്തിൽ നിന്ന് പരുക്കേറ്റ ആൾക്ക് വെള്ളം നൽകുകയും ചെയ്തതോടെ അദ്ദേഹത്തിന് സംസാരിക്കാം എന്ന സാഹചര്യം ഉണ്ടായി. ഉടൻ തന്നെ അതിലെ എത്തിയ ഒരു ഓട്ടോറിക്ഷയിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കയറ്റി വിടുകയും ചെയ്തു. അടിയന്തരമായി തിരുവനന്തപുരത്ത് എത്തെണ്ടിയിരുന്നതിനാൽ ആശുപത്രിയിലേക്ക് പോകാൻ കഴിഞ്ഞില്ല. എങ്കിലും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ച് ഞാൻ യാത്ര തുടരുകയാണ് ഉണ്ടായത്. പരുക്ക് സാരമുള്ളതല്ല എന്ന് പിന്നീട് എസ് ഐ വിളിച്ച് അറിയിക്കുകയും ചെയ്തു.


ചെയ്തത് ഏതൊരു പൗരൻ്റെയും കടമ ആണെന്ന് വ്യക്തമായി അറിയാം. മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്... ഞങ്ങൾ എത്തും മുൻപ് 20 മിനിറ്റോളം ആ വ്യക്തി ചോര വാർന്ന് റോഡിൽ കിടന്നു. പരുക്ക് ഗുരുതരം അല്ലാത്തതിനാൽ അപ്രിയമായത് ഒന്നും സംഭവിച്ചില്ല എന്ന് മാത്രം. അപകടങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്ന ജനതയാണ് നമ്മുടേത്. പക്ഷേ റോഡപകടങ്ങൾ കണ്ടാൽ ചിലരെങ്കിലും വൈമനസ്യത്തോടെ മുഖം തിരിച്ചു കടന്നു കളയും. അത് ചെയ്യരുത്. നമ്മുടെ പ്രിയപ്പെട്ടവരെ ഒരു നിമിഷം ഓർക്കുക. അവർ ആണ് ആ സ്ഥാനത്തെന്ന് ചിന്തിക്കുക... സഹായിക്കാൻ ഉള്ള മനസ്സ് താനേ വരും... ഒരു ജീവനാണ്.. ഒരു കുടുംബത്തിൻ്റെ ആശ്രയം ആണ്...

Next Story